മാന്‍വേട്ട കേസ്: ബോളിവുഡ് താരങ്ങളായ സൈഫുലിഖാന്‍, സൊനാലി ബെന്ദ്രെ, തബു എന്നിവര്‍ ജോധ്പൂരില്‍

മുംബൈ: സല്‍മാന്‍ഖാനെതിരായ മാന്‍വേട്ട കേസില്‍ അവസാനവിധി വരാനിരിക്കെ കേസില്‍ കുറ്റക്കാരായ ബോളിവുഡ് താരങ്ങള്‍ ജോധ്പൂരിലെത്തി. സൈഫുലിഖാന്‍, സൊനാലി ബെന്ദ്രെ, തബു തുടങ്ങിയ താരങ്ങളാണ് കേസ് നടക്കുന്ന ജോധ്പൂര്‍ കോടതിയിലെത്താന്‍ വേണ്ടി രാജസ്ഥാനില്‍ നിന്നും പുറപ്പെട്ടത്. യാത്രക്കായി
മുംബൈ വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കേസിലെ അവസാനവിധി കോടതി നാളെ പുറപ്പെടുവിക്കും.

‘റൈസ് 3’ യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അബുദാബിയിലായിരുന്ന സല്‍മാന്‍ഖാന്‍ മണിക്കൂറുകള്‍ക്കു മുമ്പ് മുംബൈയിലെത്തി. വീട്ടിലേക്ക് തിരിച്ച താരം ഇന്ന് തന്നെ ജോധ്പൂരിലേക്ക് പുറപ്പെടുമെന്നാണ് വിവരം. കേസില്‍ നാളെയാണ് കോടതി വിധി പറയാനിരിക്കുന്നത്. സല്‍മാന്‍ഖാനെതിരെയുള്ള ഈ കേസില്‍ സൈഫുലിഖാനും തബുവും സൊനാലി ബെന്ദ്രെയും കുറ്റക്കാരാണ്. ഷൂട്ടിങ്ങ് ചിത്രീകരണ സമയത്ത് സല്‍മാനൊപ്പം ഇവരും ഉണ്ടായിരുന്നു.

മാനുകളെ വെടിവെച്ച് കൊന്നതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് താരത്തിന്റെ പേരില്‍ ഉണ്ടായിരുന്നത്. 1998-ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി രാജസ്ഥാനില്‍ എത്തിയ താരം സുഹൃത്തുക്കള്‍ക്ക് ഒപ്പം വേട്ടക്ക് പോയിരുന്നു. ഈ സമയത്ത് രണ്ട് മാനുകളെ വെടിവെച്ചു കൊന്നു എന്നായിരുന്നു കേസ്. കേസിലെ പ്രതി എന്ന നിലയില്‍ 2007-ല്‍ താരം ഒരാഴ്ച ജോധ്പൂര്‍ ജയിലില്‍ കഴിഞ്ഞിരുന്നു.