ഒഡീഷ: ദുര്‍മന്ത്രവാദം ചെയ്തെന്നാരോപിച്ച് വിധവയായ യുവതിയുടെ തല യുവാവ് വെട്ടിയെടുത്തു. തുടര്‍ന്ന് വെട്ടിയെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയിലാണ് സംഭവം. 30കാരനായ ബുദ്ധുറാം സിങ്ങാണ് ബന്ധുവായ 60കാരി ചമ്പ സിങ്ങിന്റെ വെട്ടിയെടുത്ത തലയുമായി 13 കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലെത്തിയത്.
മൂന്നു ദിവസം മുമ്പ് ബുദ്ധറാമിന്റെ കുട്ടി മരിച്ചിരുന്നു. ദുര്‍മന്ത്രവാദം ചെയ്തതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ ചമ്പയുടെ തലവെട്ടിയെടുത്തത്. നുവാസഹി ഗ്രാമത്തിലാണ് ബുദ്ധറാമും ചമ്പയും താമസിച്ചിരുന്നത്. വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ചമ്പയെ വലിച്ചിഴച്ച ശേഷം തലവെട്ടിയെടുക്കുകയായിരുന്നു. അറുത്തെടുത്ത തല പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ടവ്വലില്‍ പൊതിഞ്ഞാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
സംഭവം നടക്കുമ്പോള്‍ നിരവധി പേര് തടിച്ചുകൂടിയിരുന്നെങ്കിലും ആരും ബുദ്ധറാമിനെ പിന്തിരിപ്പിക്കാന് തയാറായിരുന്നില്ല. തല വെട്ടാനുപയോഗിച്ച കോടാലി ബുദ്ധറാം പൊലീസിന് കൈമാറി. ചമ്പയുടെ വസ്ത്രങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബുദ്ധറാമിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി വിട്ടുകൊടുത്തു. 2010 മുതല്‍ ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട് ഏകദേശം 60ഓളം കൊലപാതകങ്ങള്‍ ഒഡീഷയില്‍ നടന്നിട്ടുണ്ട്. ഇതില്‍ 12 എണ്ണം മയൂര്‍ബഞ്ച് ജില്ലയിലാണ്.