ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസാമിയുടെ നേതൃത്വത്തില്‍ ജനതാദള്‍ എസും കോണ്‍ഗ്രസും കൈകോര്‍ത്ത് നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ തിരിച്ചടി. രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം ത്രസിപ്പിക്കുന്ന ജയമാണ് നേടിയിരിക്കുന്നത്. ജമഖണ്ഡി, മൈസൂരു മേഖലയിലെ രാമനഗര നിയമസഭ മണ്ഡലങ്ങളിലേക്കും ബെള്ളാരി, ഷിമോഗ, മാണ്ഡ്യ എന്നീ ലോക്സഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ ഷിമോഗയില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറ്റം കാഴ്ചവെക്കാനായത്. ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ യെദ്യൂരപ്പവിജയിച്ച ബിജെപിയുടെ സിറ്റിങ് സീറ്റായ ഷിമോഗയില്‍ യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാര്‍ഥിയുമായ ബി.വൈ രാഘവേന്ദ്രയാണ് ജയിച്ചത്.
എന്നാല്‍ 2014 ല്‍ യെദ്യൂരപ്പ മൂന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലത്തില്‍ മകന് ലഭിച്ചത് 52148 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്.
#FLASH: BJP’s BY Raghavendra wins Shimoga parliamentary seat with a margin of 52148 votes. #KarnatakaByElections2018 (File Pic) pic.twitter.com/XmN8sL2vuA
— ANI (@ANI) November 6, 2018
2019ലെ ദേശീയ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ നിലവില്‍ ദേശീയ പ്രധാന്യം നേടിക്കഴിഞ്ഞ കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ ത്രസിപ്പിക്കുന്ന ജയം ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനം നേടിയ ശേഷം പാര്‍ട്ടിയെ തേടി വന്‍ ജയങ്ങളാണ് വരുന്നത്. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും ഈ വിജയം പ്രതീക്ഷ നല്‍കുന്നുണ്ട്.
4-1 result (unsure about Shimoga LS) in Karnataka looks like a Test series win under Virat Kohli. Coalition has delivered.
— P. Chidambaram (@PChidambaram_IN) November 6, 2018
അതിനിടെ കോണ്‍ഗ്രസിന്റെ ത്രസിപ്പിക്കുന്ന ജയത്തെ അനുകൂലിച്ചും ഷിമോഗയിലെ ബിജെപി ജയത്തെ പരിഹസിച്ചും മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം രംഗത്തെത്തി. 4-1 തെരഞ്ഞെടുപ്പ് ഫലം വിരാട് കോഹ്ലിക്ക് കീഴില്‍ ഇന്ത്യന്‍ ടീം നേടുന്ന ഒരു ടെസ്റ്റ് പരമ്പര പോലെ തോന്നുന്നു എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.
കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യരും ഡി.കെ ശിവകുമാറും ശക്തമായ പിന്തുണയോടെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നുണ്ട്. ജെ.ഡി.എസുമായി സഖ്യമുണ്ടാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഡി.കെ ശിവകുമാര്‍.