ലീഗ് പതാക പിടിച്ച യുവാവിനെ പാക് ചാരനാക്കി സംഘപരിവാറിന്റെ ആക്രമണം

ബെംഗളൂരു: പാകിസ്ഥാന്‍ ചാരനെന്ന് ആരോപിച്ച് മലയാളിക്കെതിരെ ബെംഗളൂരുവില്‍ സംഘപരിവാര്‍ പ്രതിഷേധം. കണ്ണൂര്‍ സ്വദേശി മുഹമ്മദ് അഫ്‌സലിന്റെ കച്ചവടസ്ഥാപനങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു. മുസ്ലിം ലീഗ് പതാകയ്‌ക്കൊപ്പമുളള അഫ്‌സലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിച്ച ശേഷമായിരുന്നു അതിക്രമം. പാനൂര്‍ സ്വദേശിയായ മുഹമ്മദ് അഫ്‌സല്‍ മുപ്പത് വര്‍ഷത്തോളമായി ബെംഗളൂരുവിനടുത്തുളള ബിഡദിയില്‍ കഴിയുന്ന വ്യക്തിയാണ്.

മുസ്ലിംലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് അഫ്‌സലിന് പന്ത്രണ്ട് കച്ചവടസ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ ദിവസം സംഘപരിവാര്‍ അനുഭാവമുളള ഫേസ്ബുക്ക് പേജില്‍ മുസ്ലിംലീഗ് പതാകയോടൊപ്പം അഫ്‌സലിന്റെ ചിത്രങ്ങളുളള പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. പാകിസ്ഥാനില്‍ നിന്ന് വന്ന് കേരളത്തില്‍ നിന്നുള്ള ആളെന്ന വ്യാജേന അഫ്‌സല്‍ ഇവിടെ ബിസിനസ് ചെയ്യുകയാണെന്നായിരുന്നു അതിലെഴുതിയിരുന്നത്. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ അഫ്‌സല്‍ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തി.

ഈ സമയം നൂറോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കടകള്‍ അടപ്പിക്കുകയായിരുന്നു. തൊട്ടടുത്തുളള പഞ്ചര്‍ കടയുടമക്കെതിരെയും സംഘം തിരിഞ്ഞു. മതചിഹ്നമുളള കൊടി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയും ദേശീയ പതാക ഉയര്‍ത്തുകയുമായിരുന്നു. അഫ്‌സലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. രാമനഗര എസ്.പി സംസാരിച്ചതിനെത്തുടര്‍ന്ന് പിന്‍മാറിയെങ്കിലും ഭീഷണി തുടരുന്നുവെന്ന് അഫ്‌സല്‍ പറഞ്ഞു. സംഭവത്തില്‍ ഒന്‍പത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

SHARE