വിജയ് സിനിമയുടെ ഷൂട്ടിങ് മുടക്കാന്‍ കച്ചകെട്ടി ബിജെപി; പിന്നീട് സംഭവിച്ചത് ഇങ്ങനെ…

ചെന്നൈ: ആദായ വകുപ്പിന്റെ നീണ്ട മുപ്പത് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം സിനിമാ ചിത്രീകരണത്തിനെത്തിയ തമിഴ്താരം വിജയ്‌യെ തടയാന്‍ പദ്ധതിയിട്ട ബിജെപിക്ക് തിരിച്ചടി നല്‍കി വിജയ് ഫാന്‍സ് അസോസിയേഷന്‍. നെയ്‌വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍ കാമ്പസിനകത്തായിരുന്നു വിജയ്യുടെ മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. ഇത് തടസ്സപ്പെടുത്താനുള്ള ബിജെപി നീക്കം ഫാന്‍സ് സംഘടിതമായെത്തി പ്രതിരോധിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം വിജയ് സിനിമയ്ക്ക് ഷൂട്ടിംഗിന് നല്‍കരുതെന്നും ചിത്രീകരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രതിഷേധം. ലോഗേഷ് കനകരാജിന്റെ സംവിധാനത്തിലാണ് മാസ്റ്റര്‍ ഒരുങ്ങുന്നത്.

ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ശേഷം ഫെബ്രുവരി ഏഴിന് വിജയ് നെയ്‌വേലി ലൊക്കേഷനില്‍ എത്തിയിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ കൊടികളുയര്‍ത്തി പ്രതിഷേധിച്ചതോടെ വിജയ് ഫാന്‍സ് വെറുതെ ഇരുന്നില്ല. വിജയ് ലൊക്കേഷനില്‍ തിരിച്ചെത്തിയാന്‍ സ്വീകരിക്കാന്‍ നിന്നിരുന്ന ‘മക്കള്‍ ഇയക്കം’ എന്ന വിജയ് ഫാന്‍സ് അസോസിയേഷന്‍ എതിര്‍മുദ്രാവാക്യവുമായി പ്രതിഷേധക്കാരെ നേരിട്ടു. പിന്നാലെ പോലീസും നിലയുറപ്പിക്കുകയായിരുന്നു.

നെയ്‌വേലി എന്‍. എല്‍. സി കാമ്പസില്‍ ഷൂട്ടിംഗ് അനുമതി പത്ത് ദിവസത്തേക്ക് മാത്രമായതിനാല്‍ ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആയിരുന്നു പദ്ധതി. എന്നാല്‍ ചോദ്യം ചെയ്യല്‍ നടന്നതോടെ ഷൂട്ടിങ് മുടങ്ങിയിരുന്നു. ഇത് മനസിലാക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച മുതല്‍ ലൊക്കേഷന്‍ ഉപരോധിക്കാന്‍ തീരുമാനിച്ചത്. വിജയ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി എത്തുമെന്ന് മനസിലാക്കിയതിന് പിന്നാലെ ബിജെപി തീരുമാനം മാറ്റി ഉപരോധത്തില്‍ നിന്ന് പിന്‍വലിയുകയായിരുന്നു.

പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍ കാമ്പസിലെ കല്‍ക്കരി ഖനി ഷൂട്ടിംഗിനായി വിട്ടുകൊടുക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നാണ് ബിജെപി സമരത്തിന് കാരണമായി ബിജെപി പറഞ്ഞത്. എന്‍.എല്‍.സി മെയിന്‍ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ഷൂട്ടിംഗ് ലൊക്കേഷന്‍ ഉപരോധിക്കുമെന്ന് നേതാക്കള്‍ അറിയിച്ചത്. മെയിന്‍ ഗേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരും വിജയ് ഫാന്‍സും തമ്മില്‍ ഇടഞ്ഞത് പൊലീസ് ഇടപെട്ടാണ് പരിഹരിച്ചത്.

അതേസമയം, വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കി. സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് നല്‍കിയത്.

SHARE