നാളെ ഹര്‍ത്താല്‍

പാലക്കാട്: ദലിത് യുവാവിന്റെ മരണത്തിന് ഉത്തരവാദിയായ എസ്‌ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാലക്കാട് എലപ്പുള്ളിയില്‍ നാളെ(വ്യാഴം) ബി.ജെ.പി ഹര്‍ത്താല്‍.പാലക്കാട് പള്ളത്തേരി സ്വദേശി സന്തോഷ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്.

രണ്ടു മാസം മുന്‍പ് ഹര്‍ത്താലിനിടെ കെ എസ് ആര്‍ ടി സി ബസ്സിന് കല്ലെറിഞ്ഞ കേസില്‍ സന്തോഷ് ഉള്‍പ്പടെ പ്രതികളോട് കേസ് ഒത്തുതീര്‍പ്പിനായി 64000 രൂപ ഫൈന്‍ അടയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. രണ്ടു പേര്‍ പണം അടച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം സന്തോഷ് പണം അടച്ചിരുന്നില്ല. പണം അടക്കണം എന്ന ആവശ്യപ്പെട്ട് പാലക്കാട് കസബ സ്‌റ്റേഷന്‍ എസ്‌ഐ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണു ബന്ധുക്കള്‍ ആരോപിക്കുന്നത്.

ചൊവ്വാഴ്ചയും കസബ എസ്‌ഐ സന്തോഷിനെ വിളിപ്പിച്ചിരുന്നുവെന്നും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.