മോഹന്‍ലാലും അക്ഷയ്കുമാറും മാധുരി ദീക്ഷിതും; ബിജെപിയുടെ സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടിക പുറത്ത്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലും ജിഎസ്ടിയും അനിയന്ത്രിത ഇന്ധന വിലയും കാരണം പ്രതിഛായ നഷ്ടമായ ബി.ജെ.പി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് പുതിയ അടവുതന്ത്രവുമായി രംഗത്ത്. സിനിമാരംഗത്തെ താരങ്ങളെ രംഗത്തിറക്കിയാണ് വോട്ടു പെട്ടിയിലാക്കാന്‍ ശ്രമിക്കുന്നത്.

നേരത്തെ ഇതുസംബന്ധിച്ച് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി പരിഗണന പട്ടികയിലുള്ളവരുടെ പേരുകള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്.

നടന്മാരായ മോഹന്‍ലാല്‍, അക്ഷയ്കുമാര്‍, സണ്ണിഡിയോള്‍, നടി മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് തുടങ്ങിയവരാണ് പരിഗണനാ പട്ടികയിലുള്ളത്. മോഹന്‍ലാലിനെ തിരുവനന്തപുരത്ത് നിന്നും മാധുരി ദീക്ഷിതിനെ മുംബൈയില്‍ നിന്നും അക്ഷയ്കുമാറിനെ ന്യൂഡല്‍ഹിയില്‍ നിന്നും സണ്ണി ഡിയോളിനെ ഗുരുദാസ്പൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍ വീരേന്ദ്ര സേവാഗ് ഏതു മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നതു സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് പറഞ്ഞു.

SHARE