മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യവുമായി കോഴിക്കോട് കുറ്റിയാടിയില്‍ ബിജെപി പ്രകടനം. ഓര്‍മ്മയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, എന്നിങ്ങനെ വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ബിജെപി റാലി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തിങ്കളാഴ്ച വൈകീട്ടാണ് ബിജെപി ദേശ രക്ഷാ മാര്‍ച്ച് സംഘടിപ്പിച്ചത്. രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത് എന്ന ആഹ്വാനവുമായിട്ടായിരുന്നു പരിപാടി. പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയുള്ള മാര്‍ച്ച്. യൂത്ത് ലീഗിന് എതിരെയും പ്രവര്‍ത്തകര്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തി.
പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബിജെപി പരിപാടിക്കെതിരെ കുറ്റിയാടിയില്‍ ചില വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. മാര്‍ച്ച് തുടങ്ങും മുന്‍പേ വ്യാപാരികള്‍ കടകള്‍ അടച്ച് പോവുകയായിരുന്നു. ഓട്ടോ ടാക്സി തൊഴിലാളികളടക്കം സ്ഥലത്തുനിന്ന് മാറിയിരുന്നു. പ്രദേശവാസികള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു ഭീഷണി മുഴക്കല്‍. കുറ്റിയാടിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശായിരുന്നു ഉദ്ഘാടകന്‍. ഓര്‍മ്മയില്ലേ ഗുജറാത്ത് തുടങ്ങി പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞദിവസം കോഴിക്കോട് നരിക്കുനിയിലും ബിജെപി പരിപാടിക്ക് മുന്‍പ് വ്യാപാരികള്‍ കടകള്‍ അടച്ചിരുന്നു. ഇവിടെ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയായിരുന്നു ഉദ്ഘാടകന്‍. ഇസ്ലാമിക തീവ്രവാദികളാണ് കടകളടച്ചതെന്ന് എ.പി അബ്ദുള്ളക്കുട്ടി അവരെ അധിക്ഷേപിക്കുകയും ചെയ്തു.