പട്ടിയെ തല്ലിക്കൊല്ലും പോലെ കൊല്ലും-ഭീഷണിയുമായി ബി.ജെ.പി നേതാവ്


കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷ്. ഉത്തര്‍പ്രദേശില്‍ നിന്ന് കരുത്തരെ ഇറക്കുമെന്നും തൃണമൂല്‍ പ്രവര്‍ത്തകരെ നായ്ക്കളെ കൊല്ലും പോലെ കൊല്ലുമെന്നുമായിരുന്നു ഭാരതി ഘോഷിന്റെ ഭീഷണി പരാമര്‍ശം. ബംഗാളിലെ ഘട്ടാലില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴായിരുന്നു പരാമര്‍ശം. ഘട്ടാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ഭാരതി ഘോഷ്.

‘നിങ്ങളുടെ വേലത്തരങ്ങള്‍ ഇവിടെ വേണ്ട. അത് നിങ്ങളുടെ വീട്ടില്‍ മതി. പിന്നെ ഒളിക്കാന്‍ നിങ്ങള്‍ക്ക് സ്ഥലമുണ്ടാവില്ല. എല്ലാത്തിനെയും വീട്ടില്‍ നിന്ന് വലിച്ച് പുറത്തിട്ട് പട്ടിയെ തല്ലിക്കൊല്ലും പോലെ കൊല്ലും. ഉത്തര്‍പ്രദേശില്‍ നിന്ന് ആളെ ഇറക്കി നിങ്ങളെ പാഠം പഠിപ്പിക്കും’ – ഭാരതി പറഞ്ഞു.

ഭാരതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി മമതാ ബാനര്‍ജി രംഗത്തെത്തി. മര്യാദയുടെ പരിധി ലംഘിക്കരുതെന്നും താങ്കള്‍ക്കെതിരെ സംസാരിക്കാന്‍ എന്റെ വായ തുറപ്പിക്കരുതെന്നുമായിരുന്നു മമതയുടെ മുന്നറിയിപ്പ്. ഭീഷണി പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം.