മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് ബി.ജെ.പിയും

ന്യൂഡല്‍ഹി: ഗവര്‍ണാരെ ഉപയോഗിച്ച് ജനവിധി അട്ടിമറിക്കുന്ന പതിവ് നീക്കവുമായി ബി.ജെ.പി. മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് പിന്നാലെ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി രംഗത്തെത്തി. മധ്യപ്രദേശില്‍ കേവലഭൂരിപക്ഷം നേടാത്ത കോണ്‍ഗ്രസ്, ബി.എസ.്പിയുടെയും എസ.്പിയുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മുഴുവന്‍ ഫലങ്ങളും പുറത്തുവന്നതിനുശേഷം അതാകാമെന്നായിരുന്നു ആനന്ദിബെന്‍ പട്ടേലിന്റെ നിലപാട്.

അതിനിടെയാണ് ബി.ജെ.പിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ അന്തിമ തീരുമാനം ഗവര്‍ണറുടേതായി. മോദിയുടേയും അമിത് ഷായുടേയും വിശ്വസ്തയാണ് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയായ ആനന്ദിബെന്‍ പട്ടേല്‍. ഗോവ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലേത് പോലെ ജനവിധി അട്ടിമറിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

അതേസമയം രാജസ്ഥാനില്‍ രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും. എന്നാല്‍ മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകള്‍ ഇനിയും നടക്കാനിരിക്കുന്നേയുള്ളു. സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും വിജയിച്ചതിനാല്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതാവും.

SHARE