ജാര്‍ഖണ്ഡിലും തോല്‍വി; ബി.ജെ.പിയെ മൂലക്കിരുത്തി രാജ്യം

കോഴിക്കോട്: മഹാരാഷ്ട്രക്ക് പിന്നാലെ ജാര്‍ഖണ്ഡിലും ബിജെപിയെ ഭരണത്തില്‍ നിന്നും പുറത്താക്കി രാജ്യത്തെ വോട്ടര്‍മാര്‍. അതായത് മഹാരാഷ്ട്രയിലെ ബിജെപിയുടെ ഒറ്റപ്പെടലിന് പിന്നാലെ ജാര്‍ഖണ്ഡിലും പുറത്താവുന്നതോടെ മോദി-ഷാ ദ്വന്ദത്തിന്റെ തന്ത്രത്തിന് കടുത്ത തിരിച്ചടിയേല്‍ക്കുകയാണ്. 2017 ന് ശേഷം രാജ്യത്തെ സംസ്ഥാന ഭരണ നേതൃത്വത്തില്‍ നിന്നും ഒന്നിനു പിന്നാലെ ഒന്നായി ബിജെപി ഇല്ലാതാവുന്ന കാഴ്ചയാണ് കാണുന്നത്.

അയോധ്യയില്‍ തര്‍ക്കസ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദം ലഭിച്ച് ഹിന്ദുത്വശക്തികള്‍ വലിയ വിജയം ആഘോഷിക്കുമ്പോളാണ് മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടതും എന്‍ഡിഎ മുന്നണി തകര്‍ന്നതും. പൗരത്വ നിയമത്തിലെ ബിജെപി ഭരണകൂടം കൊണ്ടുവന്ന അജണ്ടക്ക് പിന്നാലെയാണ് ഇപ്പോള്‍ ജാര്‍ഖണ്ഡിലും ബിജെപി തോല്‍വി ഏറ്റുവാങ്ങുന്നത്. കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന മോദി-ഷാ അജണ്ടക്ക് തിരിച്ചടിയായി ബിജെപി മുക്ത് ഭാരതാണ് ഇപ്പോള്‍ രാജ്യം കാണുന്നത്.

2017ല്‍ നിന്ന് 2020 ലേക്കെത്തുമ്പോള്‍ ബിജെപിയെ ജനങ്ങള്‍ മൂലക്കിരുത്തിയ അവസ്ഥയാണ് രാജ്യത്ത് കാണുന്നത്. ചില സംസ്ഥാനങ്ങളില്‍ ചെറുകക്ഷികളെ പിടിച്ച് ഭരണത്തിലെത്തിയെങ്കിലും രാജ്യത്തെ ബിജെപിയുടെ ഭരണ ശക്തി 71 ശതമാനത്തില്‍ നിന്നും 35ലേക്ക് തകര്‍ന്നടിഞ്ഞെന്നതാണ് വാസ്തവം.

കോണ്‍ഗ്രസോ ബിജെപി ഇതര സഖ്യമോ ഭരിക്കാത്ത സംസ്ഥാനം ഇനി വിരലില്‍ എണ്ണാവുന്നത് മാത്രമായി ചുരുങ്ങി. ഇപ്പോള്‍ ബിജെപി യോ ബിജെപി സഖ്യമോ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഗോവയും അടക്കമുള്ള ചെറിയ സംസ്ഥാനങ്ങളാണ്. വടക്കുകിഴക്ക് സംസ്ഥാനങ്ങളില്‍ പലതിലും അവിടുത്തെ പ്രബല പ്രാദേശിക കക്ഷികളുടെ ഒപ്പം ജൂനിയര്‍ പങ്കാളി എന്നാ നിലയിലാണ് ബിജെപിയുടെ സ്ഥാനം. കഴിഞ്ഞ ഒക്ടോബറില്‍ കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചതോടെയാണ് ആ സ്വാധീനം ഇടിഞ്ഞു തുടങ്ങിയത്. ആരുടെയും പിന്തുണയില്ലാതെ ബിജെപി ഭരിച്ചിരുന്ന ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപിയെ കൈവിട്ടത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ രാജസ്ഥാനും മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ മധ്യപ്രദേശും കോണ്‍ഗ്രസാണ് ഭരിക്കുന്നത്. രാജ്യത്തെ വലിയ സംസ്ഥാനങ്ങളാണിവ. പഞ്ചാബില്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാറാണ് അധികാരത്തില്‍.

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് ബി.ജെ.പി പാസാക്കിയ പൗരത്വഭേദഗതി നിയമവും ബി.ജെ.പി അവിടെ നടത്തിയ ധ്രുവീകരണ ശ്രമങ്ങളും വിജയിച്ചില്ലെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.സി വേണുഗോപാല്‍ പറഞ്ഞു. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജാര്‍ഖണ്ഡില്‍ ഭരണം പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി അതിന് അനുസൃതമായി നേരത്തെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ പൗരത്വഭേദഗതി ബില്ലും വിദ്വേഷ അജണ്ടയുമായാണ് ബിജിപി രംഗത്തെത്തിയത്.
വസ്ത്രം നോക്കി സമരക്കാരെ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ജാര്‍ഖണ്ഡില്‍ വെച്ചായിരുന്നു. അമിത് ഷായുടെ പ്രസംഗം നമ്മള്‍ കണ്ടതാണ്. ജനങ്ങളെ വിഭജിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നേതാക്കന്‍മാരും നടത്തിയത് കെ.സി വേണുഗോപാല്‍ പറഞ്ഞു.

‘പൗരത്വഭേദഗതി ബില്‍ ഈ പാര്‍ലമെന്റ് സെഷനില്‍ കൊണ്ടുവന്നത് തന്നെ എന്തിന് വേണ്ടിയായിരുന്നു? എല്ലാ പാര്‍ട്ടികളും ഇത് സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാവരുമായി ചര്‍ച്ച നടത്തുകയും ആശങ്കകള്‍ പരിഹരിക്കണമെന്നും പറഞ്ഞെങ്കിലും അത് പറ്റില്ല ഇപ്പോള്‍ തന്നെ പാസ്സാക്കണമെന്ന് അവര്‍ പറഞ്ഞു. അതിന് പിന്നിലെ ഉദ്ദേശം ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പായിരുന്നു. അത് നമുക്കെല്ലാം മനസിലായതാണ്. ജാര്‍ഖണ്ഡില്‍ ഭരണത്തിലിരുന്ന ബിജെപിക്ക് ഇത്രയേറെ സ്വാധീനമുണ്ടായിട്ടും അവിടെ ധ്രുവീകരണത്തിന് സാധിച്ചില്ല എന്നുണ്ടെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അതൊരു നല്ല സൂചനയായിട്ടാണ് കാണുന്നത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ 370 കൊണ്ടുവന്നത് ഹരിയാന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു. അന്നും ഒരു രാത്രികൊണ്ടാണ് കശ്മീരിനെ വിഭജിക്കുന്ന ബില്‍ അവര്‍ പാസ്സാക്കിയത്. അതുമൊരു ചര്‍ച്ചയുമില്ലാതെ. എല്ലാ മാനദണ്ഡങ്ങളേയും മറികടന്ന്.
എന്നിട്ട് അവര്‍ പ്രതീക്ഷിച്ച വിജയം അവര്‍ക്ക് ഹരിയാനയില്‍ ലഭിച്ചോ? ഇല്ല. മഹാരാഷ്ട്രയിലും ആ വിജയം ഉണ്ടായില്ല. കെ.സി വേണുഗോപാല്‍ പറഞ്ഞു. ജനങ്ങളെ എല്ലാ കാലത്തും ഒരു വിഷയത്തിന് പിന്നാലെ ഓടിക്കാനാവില്ലെന്നതിന്റെ തെളിവ് കൂടിയാണ് ഇത്. ജനങ്ങളെ സംബന്ധിച്ച് അവരുടെ ജീവിതപ്രശ്‌നങ്ങളാണ് വലുതെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജാര്‍ഖണ്ഡില്‍ വന്‍ പ്രചരണമാണ് നടത്തിയിരുന്നത്. മോദി സര്‍ക്കാറിനെയും ആര്‍എസ്എസിനേയും വിമര്‍ശിച്ച് വിവിധ റാലികളെ അഭിസംബോധന ചെയ്ത് രാഹുല്‍ നടത്തിയ പ്രസംഗങ്ങള്‍ വലിയ പ്രചാരം നേടിയിരുന്നു.

ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരു കടന്നാക്രമണം നടത്തുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രചാരണം. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശവും സവര്‍ക്കര്‍ പരാമര്‍ശവും ബിജെപിയുടെ മുനയൊടിക്കുന്നതായിരുന്നു. ജെഎംഎമ്മും ആര്‍ജെഡിയുമായുള്ള സഖ്യം ജാര്‍ഖണ്ഡിനെ കൂടുതല്‍ ശക്തമാക്കുമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.