പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കി ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍

പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്താകമാനം ശക്തമായ പ്രതിഷേധങ്ങള്‍ തുടരുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ അതിനിടെ പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കി ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ് ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള മുനിസിപ്പല്‍ കൗണ്‍സില്‍. മഹാരാഷ്ട്രയിലെ പ്രബാനി ജില്ലയിലെ സേലു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് നിയമത്തിനും എന്‍ആര്‍സിയ്ക്കുമെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്.

സിഎഎ അനുകൂല ക്യാമ്പെയ്‌നുകള്‍ ബിജെപി രാജവ്യാപകമായി നടപ്പാക്കുന്നതിനിടെയാണ് തങ്ങള്‍ ഭരിക്കുന്ന മുനിസിപ്പാലിറ്റി തന്നെ നിയമത്തിനെതിരെ പ്രമേയം പാസാക്കി ബി.ജെ.പി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

അതേസമയം പൗരത്വനിയമ ഭേദഗതിയെ ചൊല്ലി ബിജെപിയില്‍ ഭിന്നത ശക്തമായിരിക്കുകയാണ്. നിയമത്തെ ചൊല്ലിയുള്ള ഭിന്നതയെ തുടര്‍ന്ന് നിരവധി പേര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു.മധ്യപ്രേദശില്‍ നിന്നാണ് ബിജെപി ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ ഉള്‍പ്പെടെ ആയിരത്തോളം പേരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

SHARE