കശ്മീരിലെ സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടി ; വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുള്ള ആവശ്യം ബി.ജെ.പി തള്ളി

ശ്രീനഗര്‍: റംസാനും അമര്‍നാഥ് തീര്‍ത്ഥാടന കാലവും ഒരുമിച്ചെത്തുന്ന പശ്ചാത്തലത്തില്‍ കശ്മീര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സഖ്യ കക്ഷി കൂടിയായ ബി.ജെ.പി തള്ളി. ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് കശ്മീര്‍ സര്‍ക്കാറിന്റെ ആവശ്യമെന്ന വാദം ഉന്നയിച്ചാണ് നിര്‍ദേശത്തെ ബി.ജെ.പി എതിര്‍ക്കുന്നത്.

മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ പിന്തുണച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം കേന്ദ്രത്തിനു മുന്നില്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. കഴിഞ്ഞ ദിവസം സൈന്യവും പ്രതിഷേധക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ സൈന്യത്തിന്റെ വെടിയേറ്റ് തമിഴ്‌നാട് സ്വദേശിയായ വിനോദ സഞ്ചാരി കൊല്ലപ്പെട്ട സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന. എന്നാല്‍ ഈ നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാറില്‍ ഘടകക്ഷി കൂടിയായ ബി.ജെ.പി തള്ളിയതോടെ കശ്മീരിലെ സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടിയായേക്കും.