വിജയ് സിനിമയുടെ ചിത്രീകരണം തടയാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ആരാധകരെ കണ്ട് പിന്‍മാറി

ചെന്നൈ: നടന്‍ വിജയ് നായകനായ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം തടയാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വിജയ് ആരാധകരെ കണ്ട് പിന്‍മാറി. വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം വെള്ളിയാഴ്ചയാണ് പുനഃരാരംഭിച്ചത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ സ്ഥലം ഷൂട്ടിങ്ങിനായി വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. ബി.ജെ.പി പ്രവര്‍ത്തകര്‍ ഷൂട്ടിങ് തടസ്സപ്പെടുത്തുന്നതായി വിവരമറിഞ്ഞതോടെ വിജയ് ആരാധകരുടെ കൂട്ടായ്മയായ മക്കള്‍ ഇയ്യക്കം പ്രവര്‍ത്തകര്‍ ലിഗ്നൈറ്റ് കോര്‍പറേഷന്‍ കവാടത്തിലേക്ക് കുതിച്ചെത്തി. ആരാധാകരെ കണ്ട് ഭയന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ സമരം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച് പിന്‍മാറുകയായിരുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്. 30 മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും യാതൊരു ക്രമക്കേടും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. അതേസമയം സിനിമയില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും തടയുമെന്ന് തമിഴ് സിനിമാ സംഘടനകള്‍ വ്യക്തമാക്കി.

SHARE