ബി.ജെ.പി ജില്ലാ പ്രസിഡന്റ്: നാലിടത്ത് അടിതുടരുന്നു; പത്തിടത്ത് താല്‍ക്കാലിക വെടിനിര്‍ത്തല്‍

തിരുവനന്തപുരം: ഗ്രൂപ്പ് പോരില്‍ കുരുങ്ങി ബി.ജെ.പിയുടെ ജില്ലാ പ്രസിഡണ്ട് നിയമനം. പത്തു ജില്ലകളില്‍ പുതിയ പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചെങ്കിലും രൂക്ഷമായ തര്‍ക്കം തുടരുന്ന നാലു ജില്ലകളില്‍ ഇതുവരെ പുതിയ നേതൃത്വത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, കോട്ടയം ജില്ലകളിലാണ് തര്‍ക്കം തുടരുന്നത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കാന്‍ കഴിയാത്തതാണ് തീരുമാനം വൈകുന്നത്.
തിരുവനന്തപുരം-വി.വി.രാജേഷ്, കൊല്ലം- ബി.ബി ഗോപകുമാര്‍, പത്തനംതിട്ട- അശോകന്‍ കുളനട, ആലപ്പുഴ- എം.വി.ഗോപകുമാര്‍, ഇടുക്കി- കെ.എസ് അജി, കോഴിക്കോട്- വി.കെ സജീവന്‍, തൃശൂര്‍–- കെ.കെ അനീഷ്, പാലക്കാട്- ഇ.കൃഷ്ണദാസ്, വയനാട്–- സജി ശങ്കര്‍ എന്നവരെയാണ് പുതിയ ജില്ലാ പ്രസിഡണ്ടുമാരായി പ്രഖ്യാപിച്ചത്. ദേശീയ നേതൃത്വം ഉള്‍പ്പെടെ കിണഞ്ഞു ശ്രമിച്ചിട്ടും മറ്റു നാലു ജില്ലകളില്‍ സമവായശ്രമങ്ങള്‍ വിജയിച്ചിട്ടില്ല.

അതേസമയം, കേന്ദ്ര അഭ്യന്തര മന്ത്രി സ്ഥാനം കൈകാര്യം ചെയ്ത് തുടങ്ങിയതോടെ ബിജെപി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ തിരിച്ചടിയായ വേളയില്‍ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുകയാണ്. ദേശീയ പ്രസിഡന്റ് സ്ഥാനത്തോടൊപ്പം അഭ്യന്തര മന്ത്രി സ്ഥാനവും കൂടെ ജനകീയ പ്രക്ഷോഭങ്ങളും കൂടിയായതോടെ ഷായുടെ ജോലിഭാരം കുറയ്ക്കുക എന്നതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ പത്ത് മുതലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത്. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് നിലവില്‍ വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്ന ജെ.പി നഡ്ഡ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 22ന് മുമ്പ് പുതിയ അധ്യക്ഷന്‍ ചുമതയേറ്റെടുക്കുമെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.