കര്‍ണാടക: സ്പീക്കര്‍ രമേശ് കുമാറിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ നീക്കം

ബംഗളൂരു: കര്‍ണാടകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നിലവിലെ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിനെ പുകച്ച് ചാടിക്കാന്‍ നീക്കം തുടങ്ങി. സ്പീക്കര്‍ സ്വമേധയാ രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഭരണ കക്ഷി അംഗമാണ് സ്പീക്കര്‍ ആകാറുള്ളതെന്നതിനാല്‍ രമേശ് കുമാറിനോട് സ്ഥാനത്തു നിന്നും രാജിവെക്കണമെന്ന് അറിയിച്ചതായി മുതിര്‍ന്ന ബി.ജെ.പി നേതാവ് വ്യക്തമാക്കി. രമേശ് കുമാര്‍ സ്്പീക്കര്‍ സ്ഥാനം രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും ബി.ജെ.പി എം.എല്‍.എ പറഞ്ഞു. തിങ്കളാഴ്ച സഭയില്‍ വിശ്വാസം തേടുന്നതും ധനകാര്യ ബില്‍ പാസാക്കി എടുക്കുന്നതുമാണ് ആദ്യ ലക്ഷ്യം. സ്പീക്കര്‍ രാജിവെക്കുമോ ഇല്ലയോ എന്ന് തങ്ങള്‍ നോക്കും. പ്രതിപക്ഷ പാര്‍ട്ടി അംഗത്തെ സ്പീക്കറായി അംഗീകരിക്കാനാവില്ലെന്നും ബി.ജെ.പി എം.എല്‍.എ വ്യക്തമാക്കി. സര്‍ക്കാര്‍ സഭയില്‍ വിശ്വാസം തേടിയാല്‍ അടുത്ത നടപടി സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വതന്ത്രനേയും രണ്ട് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരേയും സ്പീക്കര്‍ കഴിഞ്ഞ ദിവസം അയോഗ്യനാക്കിയതിന് പിന്നാലെയാണ് യെദിയൂരപ്പയുടെ നേതൃത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. മറ്റ് വിമത കോണ്‍ഗ്രസ്, ജെ.ഡി.എസ് അംഗങ്ങള്‍ക്കെതിരായ നടപടി സംബന്ധിച്ച തീരുമാനം അടുത്ത ദിവസങ്ങളിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിമതരുടെ പിന്തുണ യെദിയൂരപ്പ സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ണായകമാണ്. ഭരണഘടനയുടെ അനുഛേദം 179 സി പ്രകാരം നിയമസഭാ സ്പീക്കറെ അവിശ്വാസ പ്രമേയം കൊണ്ട് വന്ന് വോട്ടെടുപ്പിലൂടെ നീക്കം ചെയ്യാനാവും. പക്ഷേ സിറ്റിങ് സ്പീക്കര്‍ക്കെതിരെ ഇത്തരത്തിലൊരു പ്രമേയം കൊണ്ടുവരാന്‍ 14 ദിവസത്തെ നോട്ടീസ് പിരീഡ് ആവശ്യമുണ്ട്. പ്രമേയം അവതരിപ്പിച്ചു കഴിഞ്ഞാല്‍ സ്പീക്കര്‍ക്ക് പിന്നീട് ആരെയും അയോഗ്യനാക്കാന്‍ സാധിക്കില്ല. സ്പീക്കറെ അയോഗ്യനാക്കാനായി അവിശ്വാസ പ്രമേയം പരിഗണനയിലുള്ള സമയത്ത് സഭ നിയന്ത്രിക്കാന്‍ സ്പീക്കര്‍ക്ക് സാധിക്കില്ലെന്ന് ഭരണഘടനയുടെ അനുഛേദം 181 പറയുന്നു. സ്പീക്കറുടെ അഭാവത്തില്‍ സ്വാഭാവികമായും ഡെപ്യൂട്ടി സ്പീക്കറായിരിക്കും ചുമതല വഹിക്കുക. കര്‍ണാടകയില്‍ നിലവില്‍ ജെ.ഡി.എസ് നേതാവ് എം കൃഷ്ണ റെഡ്ഢിയാണ് ഡെപ്യൂട്ടി സ്പീക്കര്‍.