ബിഹാറിൽ ബി.ജെ.പി നേതാവിനെ അടിച്ചുകൊന്നു

ബെഗുസരായ്: ബിഹാറിലെ ബെഗുസരായ് ജില്ലയിൽ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു. സിംഘോളിലെ കിരത്പൂർ വില്ലേജിലാണ് സംഭവം. തന്റെ വീട്ടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന ബി.ജെ.പി സിംഘോൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഗോപാൽ സിങ് ആണ് ഇന്നലെ രാത്രി ഇരുമ്പുദണ്ഡു കൊണ്ടുള്ള അടിയേറ്റു മരിച്ചത്. പ്രതികൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്ത് പ്രദേശത്തെ ചില അക്രമസംഭവങ്ങളിൽ ഗോപാൽ സിങ്ങിന് പങ്കുള്ളതായും ഇതിന് പ്രതികാരമായാണ് ഇരുമ്പുദണ്ഡു കൊണ്ടുള്ള ആക്രമണം എന്നുമാണ് വിവരം.

ത്രികോണ മത്സരം നടന്ന ബെഗുസരായ് ലോക്‌സഭാ മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി നേതാവ് ഗിരിരാജ് സിങ് ആണ് ജയിച്ചത്. ഗിരിരാജ് സിങ് 692193 വോട്ട് നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള സി.പി.ഐ സ്ഥാനാർത്ഥി കനയ്യ കുമാർ 269976 വോട്ടും ആർ.ജെ.ഡി നേതാവ് മുഹമ്മദ് തൻവീർ ഹസ്സൻ 198233 വോട്ടും നേടി.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കകം ബെഗുസരായിൽ മുഹമ്മദ് ഖാസിം എന്ന കച്ചവടക്കാരന് വെടിയേറ്റിരുന്നു. ഖാസിമിനെ തടഞ്ഞുനിർത്തിയ അക്രമി പേര് ചോദിക്കുകയും വെടിയുതിർക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിൽ ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഖാസിമിന്റെ ശരീരത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് വെടിയുണ്ട പുറത്തെടുത്തത്.