സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി വാഗ്ദാനം ചെയ്തത് 15 കോടി; വെളിപ്പെടുത്തലുമായി ഗെഹ്‌ലോട്ട്

ജെയ്പൂര്‍: തന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 15 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കോവിഡ് മഹാമാരിക്കെതിരായ സര്‍ക്കാറിന്റെ പോരാട്ടം തുടരുന്ന ഘട്ടത്തിലാണ് ബി.ജെ.പി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘എതിര്‍ക്കുന്നവരെയും ഒറ്റപ്പെട്ടവരെയും ഒരുമിച്ച് നിര്‍ത്തി, എല്ലാവരേയും ഒരുപോലെയാണ് ഈ കൊവിഡ് സാഹചര്യത്തില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നത്. എന്നാല്‍ ബി.ജെ.പി എല്ലാ അതിരുകളും ലംഘിക്കുകയാണ്. സര്‍ക്കാരിനെ എന്തുചെയ്തിട്ടാണെങ്കിലും താഴെയിറക്കണമെന്ന ഉദ്ദേശത്തോടെയാണ് അവര്‍ പെരുമാറുന്നത്.’ – അദ്ദേഹം കുറ്റപ്പെടുത്തി.

‘കൂറു മാറാന്‍ എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്‌തെന്നാണ് ഞങ്ങള്‍ കേള്‍ക്കുന്നത്. ചിലര്‍ക്ക് 15 കോടി രൂപ വരെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചിലര്‍ക്ക് മറ്റാനുകൂല്യങ്ങളും. ഇത് നിരന്തരം നടന്നു കൊണ്ടിരിക്കുന്നു. 2014 വിജയത്തിന് ശേഷം ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം കണ്ടു കൊണ്ടിരിക്കുകയാണ്. ആദ്യം അവര്‍ ഒളിഞ്ഞു നിന്നാണ് ചെയ്തിരുന്നത്. ഇപ്പോള്‍ വെളിച്ചത്തു തന്നെ ചെയ്യുന്നു. ഗോവയിലും മദ്ധ്യപ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നമ്മളിത് കണ്ടു’- അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ജെ.പിയുടേത് നാണം കെട്ട കളിയാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ പണം കൊടുത്തു വാങ്ങിയ പോലുള്ള കളിയാണ് രാജസ്ഥാനിലും നടത്തുന്നത്- ഗെഹ്‌ലോട്ട് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ആരോപണങ്ങളോട് ബി.ജെ.പി പ്രതികരിച്ചിട്ടില്ല.

200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 107 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. 12 സ്വതന്ത്രരുടെ പിന്തുണയുമുണ്ട്. രാഷ്ട്രീയ ലോക്ദള്‍, സി.പി.എം, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എന്നീ കക്ഷികളുടെ ഏഴ് അംഗങ്ങളും സര്‍ക്കാറിനെ പിന്തുണയ്ക്കുന്നുണ്ട്.