കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ 35 കോടി ബി.ജെ.പി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ദിഗ്‌വിജയ് സിങ്

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ 23 മുതല്‍ 35 കോടി വരെ ബി.ജെ.പി വാഗ്ദാനം ചെയ്‌തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംങ്. 15 വര്‍ഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ചാണ് 2019 ല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍ അന്ന് മുതല്‍ക്ക് തന്നെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതിനിടെ കോണ്‍ഗ്രസിനെ പിന്തുണച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ഇത്തരം ശ്രമങ്ങള്‍ ബിജെപി താല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നത്.

സര്‍ക്കാരിനെ താഴെയിറക്കി ബി.ജെ.പി അധികാരം പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ദിഗ്‌വിജയ് സിംങ് വെളിപ്പെടുത്തിയിരിക്കുന്നത്. 23 മുതല്‍ 35 കോടി വരെയാണ് എംഎല്‍എമാര്‍ക്ക് ബിജെപിയുടെ ഓഫര്‍ എന്നും അദ്ദേഹം പറഞ്ഞു.ഇത്രയും കാലം സംസ്ഥാനം കൊള്ളയടിച്ച ബി.ജെ.പി ഇനി കോണ്‍ഗ്രസ് എംഎല്‍എമാരെ പാട്ടിലാക്കാനാണ് ശ്രമിക്കുന്നത്, അതും കോടികള്‍ വീശി, ദിഗ്വിജയ് സിംഗ് പറഞ്ഞു.എന്നാല്‍ കര്‍ണാടക പോലെയല്ല മധ്യപ്രദേശ്. മധ്യപ്രദേശില്‍ എംഎല്‍എമാരെ വില്‍പ്പനയ്ക്ക് വെച്ചതല്ല. തന്റെ കൈയ്യില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ഉണ്ട്. തെളിവില്ലാത്ത ആരോപണങ്ങള്‍ താന്‍ ഉന്നയിക്കാറില്ലെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

എന്നാല്‍ പൗരത്വ നിയമ ഭേദഗിതിയെ ചൊല്ലി ബി.ജെ.പി നേതൃത്വവുമായി ചില മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എമാര്‍ ഇടഞ്ഞ് നില്‍ക്കുന്നുണ്ട്. ഇവരും ഏത് നിമിഷവും കോണ്‍ഗ്രസിലേക്ക് പോയേക്കുമെന്ന അഭ്യൂഹം ഉണ്ട്. ബിജെപിയില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് പോകുന്നത് വരാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് തിരിച്ചടിയാകും.

SHARE