ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുമ്പോള്‍ വിവാദ പ്രസ്താവനയമായി ബി.ജെ.പി ദേശീയ സെക്രട്ടറി സുനില്‍ ദേവ്ധര്‍. പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നു പീഡിപ്പിക്കപ്പെട്ടവരാണെങ്കില്പ്പോലും അനധികൃതമായി ഇന്ത്യയിലേക്കു വരുന്ന മുസ്ലിങ്ങളോട് മനുഷ്യത്വം കാണിക്കില്ലെന്ന് സുനില്‍ ദേവ്ധര്‍ പറഞ്ഞു. ഇന്ത്യയെ ‘ധര്‍മശാല’യാക്കാന്‍ ബി.ജെ.പി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു. അനന്ത്പുരിലെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നു വരുന്ന മുസ്ലിങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ല. അവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്തിട്ടുമില്ല. ഭൂരിപക്ഷ ജനസംഖ്യയെ നോക്കേണ്ടത് ആ മൂന്നു രാജ്യങ്ങളുടെയും ഉത്തരവാദിത്വമാണ്. ഈ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ മാത്രമാണു പൗരത്വത്തിനു പരിഗണിക്കുക. അതാണ് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ശുപാര്‍ശ ചെയ്തതും പക്ഷേ യാഥാര്ഥ്യമാകാത്തതും. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നതും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കണമെന്നാണ്. പക്ഷേ അതൊരിക്കലും സംഭവിച്ചില്ല.
അസമിലെ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ തരുണ്‍ ഗോഗോയി ഇക്കാര്യം ആവശ്യപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനു കത്തെഴുതുകയും ചെയ്തിരുന്നു,’ അദ്ദേഹം പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചവരുടെ അടുത്തുനിന്നു തന്നെ പണം ഈടാക്കാനുള്ള യോഗി ആദിത്യനാഥിന്റെ തീരുമാനത്തിനു താന്‍ നന്ദി പറയുന്നതായും ദേവ്ധര്‍ പറഞ്ഞു.