ഡല്‍ഹിയില്‍ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗം നടത്തിയ കപില്‍ മിശ്രക്ക് പിന്തുണ നല്കി ബി.ജെ.പി നേതൃത്വം. മിശ്രയെ വിമര്‍ശിച്ചു രംഗത്തെത്തിയ ബി.ജെ.പി നേതാക്കള്‍ തന്നെയായ ഗൗതം ഗംഭീര്‍, ഡല്‍ഹി ബി.ജെ.പി പ്രസിഡന്റ് മനോജ് തിവാരി എന്നിവരെ തള്ളിയാണ് ബി.ജെ.പി ദേശീയ നേതൃത്വം കപില്‍ മിശ്രക്ക് പിന്തുണയര്‍പ്പിച്ചത്. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റും ഡല്‍ഹി ബി.ജെ.പിയുടെ ചുമതലയുമുള്ള ശ്യാം ജാജുവാണ് കപില്മിശ്രക്ക് അനുകൂലമായി രംഗത്തുവന്നത്.
കപില്‍ മിശ്രയാണ് ഡല്‍ഹിയില്‍ ഉണ്ടായ കലാപങ്ങള്‍ക്ക് ഉത്തരവാദി എന്ന ചില പാര്‍ട്ടി നേതാക്കളുടെ നിലപാടിനോട് യോജിപ്പില്ലെന്ന് ശ്യാം ജാജു പറഞ്ഞു.
‘കപില്‍ മിശ്രയാണ് അക്രമങ്ങള്‍ക്കു കാരണക്കാരന്‍ എന്ന ചില നേതാക്കളുടെ അഭിപ്രായം ശരിയല്ല. കപില്‍ ശര്‍മയുടെ വാക്കുകള്‍ സമാധാനം സ്ഥാപിക്കാനുദ്ദേശിച്ചുള്ളതായിരുന്നു. അദ്ദേഹം അക്രമം പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്നു പറയുന്നതിനോട് യോജിപ്പില്ല.’- ശ്യാം ജാജു വ്യക്തമാക്കി.
ചൊവ്വാഴ്ച ഒരു വാര്‍ത്താ ഏജന്‍സിയുമായി സംസാരിക്കവെയാണ് ഈസ്റ്റ് ഡല്‍ഹി എം.പിയായ ഗൗതം ഗംഭീര്‍ കപില്‍ മിശ്രയെ പേരെടുത്തു വിമര്‍ശിച്ചത്. ‘കപില്‍ മിശ്രയാകട്ടെ മറ്റാരെങ്കിലുമാക്ടെ, ഏത് പാര്‍ട്ടിയില്‍പ്പെട്ട ആരെങ്കിലും പ്രകോപനപരമായി പ്രസംഗിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കണം’ എന്നായിരുന്നു ഗംഭീറിന്റെ പ്രസ്താവന. ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് അക്രമങ്ങള്‍ക്ക് കാരണമായതെന്നും മിശ്രയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും മനോജ് തിവാരി ആവശ്യപ്പെട്ടു.