കൈയ്യേറ്റം ഒഴിപ്പിക്കാനെതിയ മജിസ്ട്രേറ്റിനു നേരെ പൊതുജന മധ്യത്തില്‍ ഭീഷണി മുഴക്കി ബി.ജെ.പി എം.പി

 

ലഖ്‌നൗ: ജില്ലാ മജിസ്ട്രേറ്റിനു നേരെ കൊലവിളിയുമായി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നുള്ള ലോക്സഭാംഗം പ്രിയങ്ക സിംഗ് റാവത്താണ് സബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ തഹസില്‍ദാര്‍ അജയ് ദ്വിവേദിയ്ക്ക് പൊതുജന മധ്യത്തില്‍ ഭീഷണി മുഴക്കിയത്.

ബാരാബങ്കി ജില്ലയിലെ ചൊയ്ലയിലെ സര്‍ക്കാര്‍ സ്‌കൂളും പൊതു കുളവും കൈയ്യേറിയ ബി.ജെ.പിയുടെ പ്രാദേശിക നേതാവിന്റെ കൈയ്യേറ്റം ഒഴിപ്പിക്കാനായിരുന്നു അജയ് ദ്വിവേദിയും സംഘവും സ്ഥലത്തെത്തിയത്. എന്നാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയായിരുന്നു എം.പിയുടെ ഭീഷണി.

‘ജനപ്രതിനിധി മുന്നിലെത്തുമ്പോള്‍ പ്രോട്ടോക്കോള്‍ ഓര്‍മ്മയുണ്ടാകണം. പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും പ്രയാസമുണ്ടായാല്‍ നിങ്ങളുടെ ജീവിതം തന്നെ ബുദ്ധിമുട്ടാകും” പ്രിയങ്ക സിങ് റാവത്ത് പറഞ്ഞു.

പൊലീസ് സംഘത്തോടൊപ്പമായിരുന്നു മജിസ്ട്രേട്ട് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയത്. എന്നാല്‍ സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എം.പി മജിസ്ട്രേട്ടിനോടും സംഘത്തോടും മടങ്ങിപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ തയ്യാറാകാതെ വന്നതോടെയായിരുന്നു എം.പിയുടെ ഭീഷണി.