ഉവൈസിയെ തല കീഴായി കെട്ടിത്തൂക്കി താടി വടിക്കുമെന്ന് ബി.ജെ.പി എം.പി

നിസാമബാദ്: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയെ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കുമെന്ന് ബി.ജെ.പി എം.പിയുടെ ഭീഷണി. വടിച്ചെടുത്ത ഉവൈസിയുടെ താടി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് ഒട്ടിക്കുമെന്നും നിസാമബാദ് എംപി ഡി അരവിന്ദ് കുമാര്‍ പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ ചന്ദ്രശേഖര റാവുവിന്റെ അഭിപ്രായം മുസ്‌ലിം അനുഭാവമുള്ളതാണെന്നും അരവിന്ദ് കുമാര്‍ ആരോപിച്ചതായി ദ ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തു.

നിസാമബാദില്‍ ഒരു പൊതുപരിപാടിക്കിടെയാണ് അരവിന്ദ് കുമാറിന്റെ പരാമര്‍ശം. ആര്‍എസ്എസിനേയും ബിജെപിയേയും കീറിക്കളയണമെന്നാണ് ഉവൈസി പറയുന്നത്. സ്വന്തം സഹോദരന് നേരെ സ്വന്തം സമുദായത്തില്‍ നിന്ന് ഉണ്ടായ അക്രമം തടയാന്‍ സാധിക്കാത്ത ആളാണോ ബിജെപിയെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്ന് അരവിന്ദ് കുമാര്‍ ചോദിച്ചു. നിസാമബാദില്‍ അവര്‍ ഒന്നിച്ച് കൂടിയ അതേ മൈതാനത്ത് ഉവൈസിയെ ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കും. നിങ്ങളുടെ താടിക്ക് സ്ഥാനക്കയറ്റവും നല്‍കും. അത് കെ ചന്ദ്രശേഖര റാവുവിന് ഒട്ടിച്ച് നല്‍കും. അതിലൂടെ ജനങ്ങള്‍ മനസ്സിലാക്കും ചന്ദ്രശേഖര റാവുവിന്റെ ചായ്‌വ് എന്താണെന്നും.

ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരായും എന്‍ആര്‍സിക്കും എതിരായി ഒരാഴ്ച മുന്‍പാണ് അസദുദ്ദീന്‍ ഉവൈസി നിസാമബാദില്‍ പ്രതിഷേധ സമ്മേളനം നടത്തിയത്. ആ സമ്മേളനത്തില്‍ രാജ്യം ആപത്തിലേക്ക് പോവുന്നുവെന്നായിരുന്നു ഉവൈസി സംസാരിച്ചത്. പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച കെ ചന്ദ്രശേഖര റാവുവിന് ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് എന്താണ് അറിയാവുന്നതെന്നും അരവിന്ദ് കുമാര്‍ ചോദിച്ചു. റാവുവിന്റെ മകന്‍ അവിശ്വാസിയാണ്. മുസ്‌ലിം വേഷമണിഞ്ഞ മുഖ്യമന്ത്രിയാണ് റാവുവെന്നും അരവിന്ദ് പറഞ്ഞു.

SHARE