ബംഗളൂരു: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ വെട്ടിലാക്കി ബിജെപി എംപിയുടെ വെളിപ്പെടുത്തല്‍. മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ തിരക്കിട്ട സത്യപ്രതിജ്ഞക്കു പിന്നില്‍ 40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരിച്ചു നല്‍കലാണെന്ന് ബിജെപി നേതാവും എംപിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു. 80 മണിക്കൂര്‍ മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നതിനു ശേഷമായിരുന്നു ഫഡ്‌നാവിസിന്റെ രാജി. ഉത്തര കന്നഡയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഹെഗ്‌ഡെയുടെ പരാമര്‍ശം.
40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരികെ കേന്ദ്രത്തിന് കൈമാറുന്നതിന് ഫഡ്‌നവിസിന് 15 മണിക്കൂര്‍ ധാരാളമായിരുന്നു. ഈ തുക സംരക്ഷിക്കുന്നതിന് ബിജെപി നടത്തിയ ഒരു നാടകമായിരുന്നു ഫഡ്‌നവിസിന്റെ സത്യപ്രതിജ്ഞ. ഇല്ലെങ്കില്‍ ഉദ്ധവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത് ദുരുപയോഗം ചെയ്യുമായിരുന്നുവെന്നും അനന്ത് കുമാര്‍ പറഞ്ഞു.
ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുടെ സഖ്യമായ മഹാവികാസ് അഘാടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങുമ്പോഴാണ് തിരക്കിട്ട് ഫഡ്‌നവിസ് സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപി നേതാവായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നു വ്യക്തമായതിനെ തുടര്‍ന്ന് പിന്നീട് ഇവര്‍ രാജിവെക്കുകയും ചെയ്തു. അതിനു ശേഷമാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, ഇത് നിഷേധിച്ച് ഫ്ഡനാവിസ് രംഗത്തുവന്നു. മുഖ്യമന്ത്രിയായിരുന്നുകൊണ്ട് അത്തരത്തിലുള്ള പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മറിച്ചുള്ളതെല്ലാം തെറ്റാണെന്നും ഫഡ്‌നാവിസ് പ്രതികരിച്ചു.