പ്രിയങ്ക ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച് വീണ്ടും ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി പ്രവേശിച്ച പ്രിയങ്ക ഗാന്ധിക്കെതിരായ ബി.ജെ.പി നേതാക്കളുടെ അധിക്ഷേപം തുടരുന്നു. ബി.ജെ.പി എം.പിയായ ഹരീഷ് ദ്വിവേദിയാണ് പ്രിയങ്കയെ അധിക്ഷേപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ‘രാഹുല്‍ പരാജയപ്പെട്ടു, പ്രിയങ്കയും അതുപോലെ പരാജയപ്പെടും. ഡല്‍ഹിയില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്ന പ്രിയങ്ക മണ്ഡലത്തിലെത്തുമ്പോള്‍ സാരിയും സിന്ദൂരവും അണിയും’ എന്നതായിരുന്നു ദ്വിവേദിയുടെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസിന്റെ മഹിളാ വിഭാഗം ബി.കെ.സി സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ബി.ജെ.പി നേതാക്കള്‍ അവര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി രംഗത്ത് വന്നിരുന്നു. പ്രിയങ്ക സുന്ദരിയാണെങ്കിലും രാഷ്ട്രീയത്തില്‍ നേട്ടവും കഴിവും ഇല്ലെന്നുമായിരുന്നു ബിഹാര്‍ മന്ത്രി വിനോദ് നാരായണ്‍ ഝായുടെ നിലപാട്. പ്രിയങ്ക്ക്ക് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോടുള്ള സാദൃശ്യമാണ് ബിഹാര്‍ ഉപമുഖ്യമന്ത്രിയായ സുഷീല്‍ കുമാര്‍ മോദിക്കു പ്രശ്‌നം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തരായ നേതാക്കളില്ലാത്തതിനാല്‍ കോണ്‍ഗ്രസ് ചോക്‌ലേറ്റ് നേതാക്കളെയാണ് ഇറക്കുന്നതെന്നായിരുന്നു ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയയുടെ പ്രതികരണം. ‘ഒരു കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു, ഭോപ്പാലില്‍നിന്ന് കരീന കപൂറിനെ മല്‍സരിപ്പിക്കണമെന്ന്. വേറൊരാള്‍ ഇന്‍ഡോറില്‍നിന്ന് സല്‍മാന്‍ ഖാനെ മല്‍സരിപ്പിക്കണമെന്നു പറയുന്നു. അതുപോലെ പ്രിയങ്കയെയും സജീവ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നു’ വിജയ്‌വര്‍ഗിയ കൂട്ടിച്ചേര്‍ത്തു.

SHARE