‘രാജ്യത്ത് സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണം’; സിനിമാതാരം നസറുദ്ദീന്‍ ഷാക്കെതിരെ ബി.ജെ.പി എം.എല്‍.എ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണമെന്ന വിവാദപരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ വിക്രം സെയ്‌നി. ഇത്തരക്കാരെ അവശേഷിപ്പിക്കരുതെന്നും മുസഫര്‍നഗറില്‍ നിന്നുള്ള എം.എല്‍.എയായ വിക്രം സെയ്‌നി പറഞ്ഞു.

ഇവിടെ സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണം. തനിക്ക് മന്ത്രിസ്ഥാനം നല്‍കിയാല്‍ ഇത്തരക്കാരെ വെച്ചേക്കില്ലെന്നും സെയ്‌നി പറഞ്ഞു.

രാജ്യത്ത് സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്നതായി കഴിഞ്ഞ ദിവസം സിനിമാതാരം നസറുദ്ദീന്‍ ഷാ രംഗത്തു വന്നിരുന്നു. രാജ്യത്ത് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് നേര്‍ക്കുള്ള അക്രമം കൂടിവരുന്ന പശ്ചാത്തലത്തിലായിരുന്നു നസറുദ്ദീന്‍ ഷായുടെ പ്രതികരണം.

എന്നാല്‍ സെയ്‌നിയുടെ വിവാദ പ്രസംഗം നസറുദ്ദീന്‍ ഷായുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു. ഇന്ത്യയില്‍ സുരക്ഷിതത്വമില്ലെങ്കില്‍ നസറുദ്ദീന്‍ഷാക്ക് പാകിസ്ഥാനിലേക്ക് വിമാന ടിക്കറ്റെടുത്ത് നല്‍കാമെന്ന് ചില ഹിന്ദു സംഘടനകള്‍ പ്രതികരിച്ചിരുന്നു.