ശാംജി ചൗഹാന്‍ എം.എല്‍.എ ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

അഹമ്മദാബാദ്: ബി.ജെ.പി എം.എല്‍.എ ശാംജി ചൗഹാന്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തര്‍ക്കത്തിന്നൊടുവിലാണ് ശാംജിയുടെ രാജിയുണ്ടായത്. നിലവില്‍ നിയമസഭയിലെ പാര്‍ലമെന്ററി സെക്രട്ടറി കൂടിയാണ് ശാംജി ചൗഹാന്‍.

ശാംജി ചൗഹാന്റെ മണ്ഡലമായ ഛോട്ടില്‍ മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയതാണ് രാജിക്ക് കാരണം. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തില്ലെന്നതാണ് ബി.ജെ.പി അധ്യക്ഷന്റെ നിലപാട്. മുന്‍മന്ത്രി കാഞ്ചിഭായ് പട്ടേല്‍, കോഡിനാര്‍ എം.എല്‍.എ, ജേതാ സോളങ്കി എന്നിവരും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിട്ടിരുന്നു.

അതേസമയം, ബി.ജെ.പിയെ വെട്ടിലാക്കി പട്ടേല്‍ നേതാവ് ഹര്‍ദ്ദികിന്റേയും വെളിപ്പെടുത്തല്‍ ഇന്നുണ്ടായി. പട്ടേല്‍ നേതാക്കളെ ബി.ജെ.പിയില്‍ ചേര്‍ക്കാന്‍ തനിക്ക് 1,200 കോടി രൂപ ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന് പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞിരുന്നു. വടക്കന്‍ ഗുജറാത്തിലെ നിരവധി ബി.ജെ.പി നേതാക്കള്‍ തന്നെ ഇതിനായി സമീപിച്ചുവെന്നും 50ലക്ഷം ഈയടുത്തുവരെ നല്‍കാമെന്ന് പറഞ്ഞുവെന്നും ഹര്‍ദ്ദിക് കൂട്ടിച്ചേര്‍ത്തു

ഡിസംബര്‍ ഒന്‍പതിനും പതിനാലിനും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത് 18നാണ്.