ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തു; യോഗിയുടെ വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ലക്‌നൗ: ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച യുവതിയും കുടുംബാംഗങ്ങളും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് പുറത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. യുവതിയെ പീഡിപ്പിച്ച എം.എല്‍.എക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുവതിയുടെ ആത്മഹത്യാ ശ്രമം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്.

ഉന്നാവോ എം.എല്‍.എ ആയ കുല്‍ദീപ് സിംഗ് സെന്‍ഗറാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസും ഉപദ്രവിച്ചതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി തന്നെ പീഡിപ്പിച്ചയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഞാന്‍ ഓടുകയാണ്. പക്ഷെ ആരും കേള്‍ക്കാന്‍ വരെ കൂട്ടാക്കുന്നില്ല. പ്രതികളെ എല്ലാവരേയും അറസറ്റ് ചെയ്യണം. ഇല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി പറഞ്ഞു. മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടി എടുത്തില്ലെന്നും അവര്‍ പറയുന്നു.

യോഗിയുടെ വീടിന് മുന്നില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച യുവതിയെ പൊലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുടുംബത്തോടൊപ്പം ഗൗതം പളളി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. പൊലീസ് സ്‌റ്റേഷനിലും യുവതി ആത്മഹത്യക്ക് ശ്രമിച്ചു. എം.എല്‍.എ പീഡിപ്പിച്ചെന്ന് യുവതി പരാതിപ്പെട്ടതായി ലക്‌നൗ എ.ഡി.ജി.പി രാജീവ് കൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി മാത്രമെ കൂടുതല്‍ പറയാന്‍ കഴിയു എന്നും എ.ഡി.ജി.പി വ്യക്തമാക്കി.