രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ബി.ജെ.പി എം.എല്‍.എ

പനാജി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബോ. രാഹുല്‍ ഗാന്ധിയുടെ ലാളിത്യം ആദരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹത്തെപ്പോലെയുള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യമെന്നും മൈക്കിള്‍ ലോബോ പറഞ്ഞു. ഇന്നലെ രോഗബാധിതനായ മുഖ്യമന്ത്രി മനോഹര്‍ പരിക്കറിനെ കാണാന്‍ എത്തിയ രാഹുലിന്റെ നീക്കത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

നിയമസഭാ മന്ദിരത്തില്‍ രാഹുലെത്തിയതില്‍ ഞങ്ങള്‍ വളരെ സന്തോഷവാന്‍മാരാണ്. രോഗബാധിതനായ ഞങ്ങളുടെ മുഖ്യമന്ത്രിയെ കാണാനെത്തിയ സംഭവം ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. എല്ലാ ഇന്ത്യക്കാരും രാഹുലിന്റെ ലാളിത്യത്തേയും വിനയത്തേയും ആദരിക്കണം. അദ്ദേഹത്തെപ്പോലെയുള്ള നേതാക്കളെയാണ് ഗോവക്കും രാജ്യത്തിനും ആവശ്യമെന്നും മൈക്കിള്‍ ലോബോ പറഞ്ഞു.

മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച രാഹുല്‍ അദ്ദേഹത്തിന് പെട്ടെന്ന് തന്നെ രോഗശമനമുണ്ടാവട്ടെയെന്ന് ആശംസിച്ചുവെന്നും അദ്ദേഹത്തിന്റെ സന്ദര്‍ശത്തിന് നന്ദിയുണ്ടെന്നും മൈക്കിള്‍ കൂട്ടിച്ചേര്‍ത്തു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ നിയമസഭാ മന്ദിരത്തില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. റഫേല്‍ ഇടപാടില്‍ പരീക്കറിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച്ച.