ഉന്നാവ് പീഡനം: ബി.ജെ.പി എം.എല്‍.എ കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച്ച

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച 2017ലെ ഉന്നാവ് പീഡനക്കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗര്‍ കുറ്റക്കാരനാണെന്നു കോടതി. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് വിധി. കൂട്ടുപ്രതി ശശി സിങിനെ വെറുതെവിട്ടു. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 376-ാം വകുപ്പ്, പോക്‌സോ ആക്ടിന്റെ 5,6 വകുപ്പുകള്‍ പ്രകാരമാണ് സെന്‍ഗര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. അതേസമയം കുറ്റപത്രം വൈകിയതില്‍ സി.ബി.ഐയെ വിചാരണ കോടതി വിമര്‍ശിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം ലക്‌നോവില്‍നിന്ന് കേസിന്റെ വിചാരണ ഡല്‍ഹിയിലേക്കു മാറ്റിയ ആഗസ്റ്റ് 5 മുതല്‍ ജില്ലാ ജഡ്ജി ധര്‍മേഷ് ശര്‍മ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുകയായിരുന്നു. യു.പിയില്‍ നാലു വട്ടം ബി.ജെ.പി എം.എല്‍.എ ആയിരുന്ന സെന്‍ഗര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു കേസ്. 2018 ഏപ്രില്‍ 9ന് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. പിന്നീട് ഇദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതും നാടിനെ നടുക്കി. 2019 ജൂലൈ 28ന് യുവതി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് 2 ബന്ധുക്കള്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡല്‍ഹി എയിംസില്‍ പെണ്‍കുട്ടി ചികിത്സയിലായിരിക്കെ മൊഴിയെടുക്കാന്‍ ആസ്പത്രിയില്‍ പ്രത്യേക കോടതി സജ്ജീകരിച്ചിരുന്നു. 13 പ്രോസിക്യൂഷന്‍ സാക്ഷികളെയും ഒമ്പത് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. പെണ്‍കുട്ടിയുടെ അമ്മയും അമ്മാവനുമാണ് പ്രധാന സാക്ഷികള്‍. കൂട്ട ബലാത്സംഗം, വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കല്‍, പിതാവിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തല്‍ തുടങ്ങി മറ്റു നാല് കേസുകളിലെ വിചാരണ പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയുടെ കത്ത് പരിഗണിച്ച് അഞ്ച് കേസുകളും സുപ്രീംകോടതിയാണ് ഡല്‍ഹി കോടതിയിലേക്കേ് മാറ്റിയത്.