ബി.ജെ.പി എം.എല്‍.എയ്ക്ക് എന്ത് ലോക്ക് ഡൗണ്‍; പിറന്നാള്‍ കൊണ്ടാടി പുലിവാലു പിടിച്ചു

മുംബൈ: കോവിഡ് മഹാമാരിയെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിലെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ബി.ജെ.പി എം.എല്‍.എയുടെ പിറന്നാള്‍ ആഘോഷം. മഹാരാഷ്ട്രയിലെ വാര്‍ധ എം.എല്‍.എ ദാദാറാവു കേച്ചെയാണ് ലോക് ഡൗണ്‍ കാലത്തും പിറന്നാള്‍ പൊടിപൊടിച്ചത്. ഇന്നലെയായിരുന്നു ദാദാറാവുവിന്റെ പിറന്നാള്‍. ജന്മദിനത്തോട് അനുബന്ധിച്ച് എം.എല്‍.എ ഇരുനൂറോളം പേര്‍ക്ക് വസതിയില്‍ ധാന്യങ്ങള്‍ വിതരണം ചെയ്തു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചത്.


സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുന്നതിനായി നൂറോളം പേരാണ് എം.എല്‍.എയുടെ വീടിന് മുമ്പില്‍ തടിച്ചു കൂടിയത്. സംഭവം അറിഞ്ഞെത്തിയ പൊലീസ് ജനങ്ങളെ പറഞ്ഞയച്ചു. ഭക്ഷ്യധാന്യ വിതരണത്തിനായി എം.എല്‍.എ അനുമതി തേടിയിരുന്നില്ലെന്നും നിയമനടപടി നേരിടേണ്ടി വരുമെന്നും സബ് ഡിവിഷണല്‍ ഓഫീസര്‍ വ്യക്തമാക്കി. അതേസമയം, തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് എം.എല്‍.എയുടെ പ്രതികരണം.

SHARE