യു.പി ഉപതെരഞ്ഞെടുപ്പ്: തോല്‍വിയില്‍ യോഗി ആദിത്യനാഥിനെ കുറ്റപ്പെടുത്തി ബി.ജെ.പി എം.എല്‍.എ

ലക്‌നൗ: ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. സംസ്ഥാന ഉദ്യോഗസ്ഥവൃന്ദത്തില്‍ യോഗി ആദിത്യനാഥിന് ഉണ്ടായിരുന്ന അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണമെന്ന് ഭയ്‌രീയ എം.എല്‍.എ സുരേന്ദ്ര സിങ് പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരെ യോഗി ആദിത്യനാഥ് അവഗണിച്ചതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് ഇടയാക്കിയെന്ന് എം.എല്‍.എയായ സുരേന്ദ്ര സിങ് കുറ്റപ്പെടുത്തി. അടുത്തിടെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ എന്നി ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിനെതിരെ എംഎല്‍എയുടെ വിമര്‍ശനമുണ്ടായത്.

പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിക്കുന്ന നിലപാടാണ് യോഗി സ്വീകരിച്ചത്. ഇതിന്റെ പ്രതിഫലനമെന്നോണം പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് തോല്‍വിക്ക് കാരണം. നേതാക്കള്‍ പാര്‍ട്ടിയുടെ എന്‍ജിന്‍ ആണെങ്കില്‍, പ്രവര്‍ത്തകര്‍ ഇന്ധനമാണെന്നും എം.എല്‍.എ പറഞ്ഞു.