കൂറുമാറ്റം: ബി.ജെ.പി മന്ത്രിക്ക് സ്ഥാനം നഷ്ടമായി


ന്യൂഡല്‍ഹി: മണിപ്പൂരിലെ ബി.ജെ.പി മന്ത്രി തൗനാവോയാം ശ്യാം കുമാറിന് മന്ത്രിസ്ഥാനം നഷ്ടമായി. ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ നിയമസഭയില്‍ പ്രവേശിക്കുന്നതിനും അദ്ദേഹത്തെ സുപ്രീം കോടതി വിലക്കി. ജസ്റ്റിസ് രോഹിന്‍ടണ്‍ നരിമാന്‍, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കോണ്‍ഗ്രസ് എം.എല്‍.എയായി വിജയിച്ച ശേഷം ബി.ജെ.പിയിലേക്ക് കൂറുമാറിയ ശ്യാം കുമാറിന്റെ കാര്യത്തില്‍ നാലാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും സ്പീക്കര്‍ വീണ്ടും എട്ടാഴ്ച കൂടി ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. കോടതി നിര്‍ദേശം പാലിക്കുന്നതില്‍ സ്പീക്കര്‍ കെംചന്ദ് സിങ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ശ്യാം കുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസാണ് കോടതിയെ സമീപിച്ചത്. 2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 28 സീറ്റിലും ബി.ജെ.പി 21 സീറ്റിലും വിജയിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി എന്‍.പി.പിയുമായി സഖ്യം ചേര്‍ന്ന് ഭരണം പിടിക്കുകയായിരുന്നു.

SHARE