കാസര്‍കോട് ജില്ലയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി: പതിനെട്ട് വര്‍ഷമായി ഭരിക്കുന്ന കാറടുക്ക പഞ്ചായത്ത് നഷ്ടമായി; എന്‍മകജെയിലും അവിശ്വാസ നോട്ടീസ്

കാസര്‍കോട്: 18 വര്‍ഷത്തിനു ശേഷം കാസര്‍കോട് ജില്ലയിലെ കാറടുക്ക പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കാറടുക്കയില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വസ പ്രമേയം യു.ഡി.എഫ് പിന്തുണച്ചതോടെ കേരളത്തില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായി കണക്കാക്കുന്ന കാസര്‍കോട് ജില്ലയിലെ ഒരു പഞ്ചായത്തിന്റെ ഭരണം ബി.ജെ.പിക്ക് നഷ്ടമാവുകയായിരുന്നു.

സി.പി.ഐ.എമ്മിലെ എ വിജയകുമാര്‍ ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്റ് ജി സ്വപ്നക്കെതിരെ നല്‍കിയ അവിശ്വാസം ചര്‍ച്ചയ്ക്ക് ശേഷം വോട്ടിലൂടെയാണ് വിധി നിര്‍ണയിച്ചത്. വികസനമുരടിപ്പ് ആരോപിച്ചായിരുന്നു അവിശ്വാസം കൊണ്ടുവന്നത്. ബി.ജെ.പി ഭരണസമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസത്തിന് യു.ഡി.എഫ് അംഗങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി എട്ടു വോട്ട് ലഭിച്ചു. സി.പി.ഐ.എം-4 സി.പി.ഐ.എം സ്വതന്ത്ര-1, യു.ഡി.എഫ്-2, കോണ്‍ഗ്രസ് സ്വന്തന്ത്രന്‍-1 എന്നിവരാണ് അനുകൂലിച്ചത്.

ജില്ലയില്‍ ഇനി മധൂര്‍, ബെള്ളൂര്‍, എന്‍മകജെ പഞ്ചായത്തുകളിലാണ് ബി.ജെ.പി ഭരണമുള്ളത്. എന്നാല്‍ എന്‍മകജെയിലും യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് അടുത്തയാഴ്ച നടക്കും. എന്‍മകജെയിലെ അവിശ്വാസ പ്രമേയത്തില്‍ യു.ഡി.എഫിന് എല്‍.ഡി.എഫിന്റെ പിന്തുണയുണ്ടായാല്‍ അവിടെയും ബി.ജെ.പിക്ക് ഭരണം നഷ്ടമാകും. ബി.ജെ.പിക്കും യു.ഡി.ഫിനും ഏഴ് വീതം സീറ്റുകളുള്ള എന്‍മകജെയില്‍ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. എല്‍.ഡി.എഫിനു ഇവിടെ മൂന്ന് സീറ്റുണ്ട്.

2016 ല്‍ ഇവിടെ അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും സി.പി.ഐ.എം വിട്ടുനിന്നത് കൊണ്ട് പരാജയപ്പെടുകയായിരുന്നു. കാറഡുക്കയില്‍ യു.ഡി.ഫ് അനുകൂലിച്ചത് കൊണ്ട് എന്‍മകജെയിലെ പ്രമേയവും പാസാവാനാണ് സാധ്യത.