ജാര്‍ഖണ്ഡിലെ തോല്‍വിയോടെ രാജ്യസഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടാക്കനിയാവുന്നു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് അടക്കം ഭരണത്തിലിരുന്ന പല സംസ്ഥാനങ്ങളും ബി.ജെ.പി മുന്നണിക്കു നഷ്ടമാകുന്നത് രാജ്യസഭയില്‍ അവരുടെ എം.പിമാരുടെ എണ്ണത്തിലും ക്രമേണ കുറവു വരാന്‍ ഇടയാക്കും. ഏറ്റവും ഒടുവില്‍ ജാര്‍ഖണ്ഡിലെ തോല്‍വി കാരണം 2024 ല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു സമയമാകുമ്പോഴേക്ക് സംസ്ഥാനത്തു നിന്നു ബി.ജെ.പിക്ക് രാജ്യസഭാ എംപിമാരില്ലാതാകും.

ജാര്‍ഖണ്ഡില്‍ നിന്ന് 6 സീറ്റുകളാണ് രാജ്യസഭയില്‍. ഇപ്പോള്‍ ബി.ജെ.പിക്ക് 3, കോണ്‍ഗ്രസ്സിന് 2, രാഷ്ട്രീയ ജനതാദളിന് ഒന്ന് എന്നിങ്ങനെയാണ് സീറ്റുകള്‍. ഒരു സീറ്റ് സ്വതന്ത്രനായ വ്യവസായി പരിമള്‍ നാഥ് വാനിക്കാണ്. ജാര്‍ഖണ്ഡില്‍ 2020, 2022, 2024 എന്നീ വര്‍ഷങ്ങളില്‍ 2 സീറ്റു വീതം ഒഴിവു വരും. ഇപ്പോഴത്തെ നിലയ്ക്ക് ബി.ജെ.പിക്ക് അതില്‍ ഒരു സീറ്റിലും ജയിക്കാനാകില്ല.

ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിനു രാജ്യസഭയില്‍ നിലവില്‍ ഭൂരിപക്ഷമില്ല. 2021 ആകുമ്പോഴേക്കും ഭൂരിപക്ഷം നേടാമെന്ന കണക്കു കൂട്ടലിലായിരുന്നു ബി.ജെ.പി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 5 സംസ്ഥാനങ്ങളിലാണ് അവര്‍ക്കു ഭരണം നഷ്ടപ്പെട്ടത്. ഇതോടെ അവര്‍ പ്രതീക്ഷിച്ചത്രയും എം.പിമാരെ രാജ്യസഭയില്‍ എത്തിക്കാനാവില്ല എന്നു വ്യക്തമായി.

SHARE