ആസാമില്‍ ബി.ജെപിക്ക് കനത്ത തിരിച്ചടി; നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ആസാമില്‍ ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നു. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പാര്‍ട്ടി വിടുന്നത്. അസം ഗണ പരിഷത്തുമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുടെ പല നേതാക്കളും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവും അസം പെട്രോകെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭൂയന്‍ ഇന്നലെ തന്റെ പാര്‍ട്ടി അംഗത്വവും ബോര്‍ഡ് സ്ഥാനവും രാജിവെച്ചതായാണ് റിപ്പോര്‍ട്ട്.

നേരത്തെ, നടന്‍മാരായ രവിശര്‍മ്മയും ജതിന്‍ ബോറയും പാര്‍ട്ടി വിട്ടിരുന്നു. അസം സ്‌റ്റേറ്റ് ഫിലിം ഫിനാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്നും ജതിന്‍ ബോറ രാജിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. ‘ഞാന്‍ പൗരത്വ നിയമ ഭേദഗതി സ്വീകരിക്കുന്നില്ല. ജതിന്‍ ബോറ എന്ന എന്റെ വ്യക്തിത്വം അസമിലെ ജനങ്ങള്‍ കാരണമാണ്, ഈ വിഷയത്തില്‍ ഞാന്‍ അവരോടൊപ്പമുണ്ട്.’ ഗുവാഹത്തിയിലെ ലതാസില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ പൗരന്മാരാണ് രാജാക്കന്മാര്‍. പ്രതിഷേധം ഉയര്‍ന്നതിനാല്‍ സര്‍ക്കാര്‍ ബില്‍ പിന്‍വലിക്കുമെന്ന് ഞാന്‍ കരുതി, പകരം അത് പാസാക്കി. ഞാന്‍ പാര്‍ട്ടിയിലെ ഒരു അംഗം മാത്രമായിരുന്നു, ബിജെപി പറയുന്നതെല്ലാം ഞാന്‍ പിന്തുണക്കുന്നില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഞാന്‍ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്ന് മറ്റൊരു അസമി നടന്‍ രവി ശര്‍മയും രാജിവച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്ര നിര്‍മ്മാതാവ് ജഹ്നു ബറുവയും എട്ടാമത്തെ അസം സ്‌റ്റേറ്റ് ഫിലിം അവാര്‍ഡുകളില്‍ നിന്നും ഈ വര്‍ഷത്തെ ചലച്ചിത്രമേളയില്‍ നിന്നും തന്റെ സിനിമ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു.

അതേസമയം, പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം തുടരുന്നു. ഇന്ന് അസമിലെ എല്ലാ ജില്ലകളിലും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും. ഞായറാഴ്ച സിനിമാ താരങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. തിങ്കളാഴ്ച വീണ്ടും സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്.

അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് പുറമെ കരസേനയേയും ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ വിന്യസിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി ബന്ദിന് സമാനമായ പ്രതീതിയായിരുന്നു ആസാമില്‍. ഇന്നു വൈകീട്ടോടെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചേക്കുമെന്നാണ് സൂചന. പെട്രോള്‍ പമ്പുകള്‍ അടക്കമുള്ള അവശ്യ കേന്ദ്രങ്ങളും ഇന്നുമുതല്‍ പ്രവര്‍ത്തിച്ചേക്കും. ബില്ലിനെ ചൊല്ലി അസം സര്‍ക്കാരിനകത്തും വലിയ ഭിന്നതയാണ് ഉയരുന്നത്.

SHARE