കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നാല് ബി.ജെ.പി എം.പിമാര്‍ ഉള്‍പ്പെടെ 21 നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും അധികാരം പിടിക്കാനുള്ള ബി.ജെ.പി നീക്കങ്ങളെ ആശങ്കയിലാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. നേതാക്കള്‍ പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ടെന്ന് തൃണമൂല്‍ നേതാക്കള്‍ അവകാശപ്പെടുന്നു. എന്നാല്‍ തൃണമൂല്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് ബി.ജെ.പി പറയുന്നത്.
നാലു എം.പിമാര്‍ക്ക് പുറമേ, 16 കൗണ്‍സിലര്‍മാരും ഒരു എം.എല്‍.എയുമാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത് എന്ന് ടൈംസ്നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ചിലര്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിലേക്ക് ചേക്കേറിയ നേതാക്കളാണ്. ലോക്സഭയില്‍ സംസ്ഥാനത്തെ 42 സീറ്റുകളില്‍ 18 സീറ്റിലാണ് ബി.ജെ.പി ജയിച്ചിരുന്നത്. ഇതില്‍ മൂന്നു പേര് തൃണമൂലില്‍ നിന്നെത്തിയവരായിരുന്നു.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തന് ആയിരുന്ന മുകുള്‍ റോയ് ആയിരുന്നു ഇതില്‍ ഒന്നാമത്തെയാള്‍. റോയിയുടെ നേതൃത്വത്തിലാണ് മറ്റു നേതാക്കളെ ബി.ജെ.പി അവരുടെ കൂടാരത്തില്‍ എത്തിച്ചിരുന്നത്. മുകുള്‍ റോയിയും നിലവിലെ പാര്‍ട്ടി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാത്തതും കേന്ദ്ര നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്.
ബംഗാളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രനേതൃത്വം ഈയിടെ ന്യൂഡല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ബംഗാളില്‍ നിന്നുള്ള എല്ലാ പാര്‍ട്ടി എം.പിമാരും സംസ്ഥാന നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അസന്‍സോള്‍ എം.പി ബാബുല്‍ സുപ്രിയോയുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. ദിലീപ് ഘോഷുമായി അഭിപ്രായ വ്യത്യാസം ഉള്ള നേതാവാണ് സുപ്രിയോ.
അതിനിടെ, വടക്കന്‍ബംഗാളില്‍ നിന്നുള്ള ബി.ജെ.പി നേതാവും എം.എല്‍.എയുമായിരുന്ന ബിപ്ലബ് മിത്ര വെള്ളിയാഴ്ച തൃണമൂലിലേക്ക് തിരികെ പോയിരുന്നു.