ഒട്ടും ലജ്ജയില്ലാതെ ബിജെപി; സ്‌പെഷല്‍ ട്രെയിനിനു മുമ്പില്‍ പാര്‍ട്ടി പതാക വീശലും മുദ്രാവാക്യ വിളിയും

അഹമ്മദാബാദ്: കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കുമായി മെയ് ഒന്നു മുതല്‍ ആരംഭിച്ച പ്രത്യേക ഷ്രാമിക് ട്രെയിനുകളെയും രാഷ്ട്രീയ വല്‍ക്കരിച്ച് ബിജെപി നേതൃത്വം. രാജ്യത്താകെ അതത് സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് ഈ ട്രെയിനുകള്‍ ഓടിക്കൊണ്ടിരിക്കെ സമൂഹിക അകലം പോലും പാലിക്കാതെ ഗുജറാത്തിലെ ബിജെപി നേതത്വം ഒട്ടും ലജ്ജയില്ലാതെ പെരുമാറിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഗുജറാത്തില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി പുറപ്പെട്ട ട്രെയിനിന് മുന്നില്‍ ബിജെപി നേതാവ് തന്റെ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൊടി വീശിയും മുദ്രാവാക്യം വിളിച്ചും വിവാദത്തിലായിരിക്കുന്നത്.

സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ രംഗത്തെത്തി. സൂറത്തില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് ബി.ജെ.പി പതാകയ്ക്ക് പകരം ത്രിവര്‍ണ്ണം ഉപയോഗിക്കാത്തതെന്താണെന്ന് അഹ്മദ് പട്ടേല്‍ ചോദിച്ചു. ‘ട്രെയിന്‍ ബിജെപിയുടേയോ അതോ ഇന്ത്യയുടെതാണോ എന്നും പട്ടേല്‍ ട്വീറ്റ് ചെയ്തു.
ഗുജറാത്തില്‍ നിന്ന് ഒഡീഷയിലേക്കുള്ള യാത്ര തിരിച്ച പാവപ്പെട്ട കുടിയേറ്റക്കാരില്‍ നിന്നും എന്തിനാണ് പണം വാങ്ങിയതെന്നും ഈ യാത്രാ ചെലവ് പിഎംകെയറുകളില്‍ നിന്ന് എന്തുകൊണ്ട് എടുക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.

തെലങ്കാന, രാജസ്ഥാന്‍, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യ ഷ്രാമിക് പുറപ്പെട്ടിരുന്നത്. ജാര്‍ഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലേക്കാണ് ട്രെയിനുകള്‍ ഓടിയത്. എന്നാല്‍ ഗുജറാത്തില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ ബിജെപി നേതാവ് തന്റെ പാര്‍ട്ടി ഫ്‌ലാഗുഓഫിന് ഉപയോഗപ്പെടുത്തുകയായിരുന്നു.

ലോകത്തിലെ ഏറ്റവും ലജ്ജയില്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നാണ് സംഭവത്തോട് കോണ്‍ഗ്രസ് വ്യക്താവ് ശ്രീവാസ്ത പ്രതികരിച്ചത്. നരേന്ദ്രമോദി ഇന്ത്യന്‍ റെയില്‍വേ നിങ്ങളുടെ പാര്‍ട്ടിക്ക് സ്വന്തമാണോയെന്നും ശ്രീവാസ്ത ട്വീറ്റ് ചെയ്തു.