പാക്കിസ്താന്‍ ഹൈക്കമ്മീഷ്ണര്‍ക്ക് ചെരുപ്പ് ഓര്‍ഡര്‍ ചെയ്ത് ബി.ജെ.പി നേതാവ് താജിന്ദര്‍ ബഗ്ഗ

ന്യൂഡല്‍ഹി: പാക്കിസ്താന്‍ ഹൈക്കമ്മീഷ്ണര്‍ക്ക് ഓണ്‍ലൈനില്‍ ചെരുപ്പ് ഓര്‍ഡര്‍ ചെയ്ത് ബി.ജെ.പി നേതാവ് താജിന്ദര്‍ ബഗ്ഗ. കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയേയും ഭാര്യ ചേതനയേയും പാക്കിസ്താനില്‍ അപമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് താജിന്ദര്‍ ബഗ്ഗ ചെരുപ്പ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.

പാക്കിസ്താന് ചെരുപ്പുകള്‍ ആവശ്യമാണ്. അവര്‍ക്ക് നമുക്ക് ചെരുപ്പ് വാങ്ങിച്ച് കൊടുക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് പാക്കിസ്താന്‍ ഹൈക്കമ്മീഷ്ണറുടെ പേരില്‍ താന്‍ ഓണ്‍ലൈനില്‍ ചെരുപ്പുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന് താജിന്ദര്‍ പാല്‍ ബഗ്ഗ പറയുന്നു. കഴിഞ്ഞ 29ന് ആമസോണില്‍ ചെരുപ്പ് ഓര്‍ഡര്‍ ചെയ്ത സ്ലിപ്പും താജിന്ദര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പാക്കിസ്താനിലേക്ക് എല്ലാ രാജ്യസ്‌നേഹികളോടും ചെരുപ്പ് അയച്ച് കൊടുക്കാനും ആവശ്യപ്പെട്ടിട്ടുള്ള ഓണ്‍ലൈന്‍ ക്യാപെയ്‌നും താജിന്ദര്‍ ആരംഭിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ നൂറ് കണക്കിനാളുകളാണ് ചെരുപ്പുകള്‍ അയച്ചിരിക്കുന്നതെന്ന് താജിന്ദര്‍ പറയുന്നു.

പാക്കിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷനെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കുല്‍ഭൂഷന്റെ കുടുംബത്തോട് പാക്കിസ്താന്‍ അപമര്യാദയായി പെരുമാറിയത്. ചേതനയുടെ താലിമാലയും ചെരുപ്പും അഴിച്ചുവാങ്ങിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.