ഡല്‍ഹിയില്‍ ബി.ജെ.പി നേതാവും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് ശിവകുമാറും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു മരിച്ചു. ഗ്രേറ്റര്‍ നോയ്ഡയില്‍ കാറില്‍ സഞ്ചരിക്കവെയാണ് ഇരുവര്‍ക്കും വെടിയേറ്റത്. വെടിവെപ്പില്‍ പരിക്കേറ്റ രണ്ടു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ നില അതീവ ഗുരുതരമാണ്.

ഡല്‍ഹി എന്‍.സി.ആറിലെ ടിഗ്രി നഗരത്തിനടുത്തുള്ള ബിസ്‌റാഖ് ഗ്രാമത്തിലെ മുഖ്യനാണ് കൊല്ലപ്പെട്ട ശിവകുമാര്‍. ഇദ്ദേഹം സഞ്ചരിച്ച ഫോര്‍ച്യൂണ്‍ കാറിനു നേരെ വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ കാര്‍ ഒരു ഡിവൈഡറിലിടിച്ചാണ് നിന്നത്. ശിവകുമാര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

രാഷ്ട്രീയ വൈരമാണ് ശിവകുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ എന്നാണ് സൂചന. ജീവന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് ഔദ്യോഗിക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.