ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബിജെപി ബന്ദിപോര ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീര്‍ അഹ്മദ്, സഹോദരന് ഉമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവര്‍ ബന്ദിപോരയിലെ കടയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് മൂന്ന് പേര്‍ക്കും വെടിയേറ്റതെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലയ്ക്കാണ് മൂന്ന് പേര്‍ക്കും വെടിയേറ്റതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വെടിവെപ്പ് നടക്കുമ്പോള്‍ വസീം ബാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടായിരുന്നില്ല. സംഭവസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്നും മാറി നിന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിലൂടെ വിവരങ്ങള്‍ തിരക്കുകയും മരിച്ചവരുടെ കുടുബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവര്‍ ആക്രമണത്തെ അപലപിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഐജി കെ വിജയ് കുമാര്‍ വ്യക്തമാക്കി. ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.