ഭോപാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ വിരാട് കോലിയുടെ രാജ്യ സ്‌നേഹം ചോദ്യം ചെയ്ത് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ പന്നാ ലാല്‍ ശാക്യ. അനുഷ്‌ക ശര്‍മയുമായുള്ള വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തിയതിനാണ് ഗുണ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ പന്നാ ലാല്‍ ഇന്ത്യന്‍ നായകനെതിരെ തിരിഞ്ഞത്. ഇന്ത്യക്കു വേണ്ടി കളിച്ചും ഇന്ത്യയില്‍ അഭിനയിച്ചും പണമുണ്ടാക്കിയ കോലിയും അനുഷ്‌കയും രാജ്യത്തു വെച്ചു തന്നെയായിരുന്നു വിവാഹം കഴിക്കേണ്ടിയിരുന്നത് എന്ന് ശാക്യ പറയുന്നു. ‘സ്‌കില്‍ ഇന്ത്യ സെന്റര്‍’ ഉദ്ഘാടനം ചെയ്യവെയായിരുന്നു ബി.ജെ.പി നേതാവിന്റെ വിമര്‍ശനം.
Even @AnushkaSharma can never be a patriot, @imVkohli can’t be an ideal for us because the celebrity couple chose Italy for wedding, says BJP MLA from MP Panna Lal Shakya !@ChouhanShivraj @BJP4India @OfficeOfRG @BCCI @Ra_THORe @ICC @News18India @CNNnews18 pic.twitter.com/9S9yCRLQeC
— Manoj Sharma (@manojsharmabpl) December 19, 2017
‘ശ്രീരാമനും ശ്രീകൃഷ്ണനും വിക്രമാദിത്യനും യുധിഷ്ഠിരനും ഈ മണ്ണില്‍ വെച്ചാണ് വിവാഹിതരായത്. നിങ്ങളെല്ലാം ഇവിടെ വെച്ചു തന്നെ വിവാഹം കഴിക്കണം. വിവാഹം ചെയ്യാന്‍ വേണ്ടി നമ്മള്‍ ആരും വിദേശ രാജ്യത്തേക്ക് പോകുന്നില്ല. കോലി ഇവിടെ നിന്ന് പണമുണ്ടാക്കുകയും ഇറ്റലിയില്‍ പോയി ചെലവഴിക്കുകയുമാണ് ചെയ്തത്. അയാള്‍ക്ക് ഈ രാജ്യത്തോട് ഒരു ബഹുമാനവും ഇല്ല. അയാള്‍ ദേശസ്‌നേഹിയല്ലെന്നാണ് ഇത് തെളിയിക്കുന്നത്.’ – ഗുണ പറയുന്നു.
താന്‍ ഉദ്ഘാടനം ചെയ്ത സ്‌കില്‍ സെന്ററില്‍ നിന്ന് പരിശീലനം നേടുന്നവര്‍ ഇന്ത്യയില്‍ തന്നെ ജോലി ചെയ്യണമെന്നും പന്നാലാല്‍ ശാക്യ ആവശ്യപ്പെട്ടു. ‘പരിശീലനം നേടിയ ശേഷം നിങ്ങള്‍ ഈ രാജ്യത്തു തന്നെ ജോലി ചെയ്യണം. അതായിരിക്കും ഏറ്റവും വലിയ ദേശ സേവനം. അല്ലെങ്കില്‍ പണമുണ്ടാക്കി ഇറ്റലിയില്‍ പോയി കല്യാണം കഴിച്ച് അടിച്ചുപൊളിച്ച് തിരിച്ചുവരൂ… ‘സൂക്ഷ്മമായി ചിന്തിച്ചാല്‍ ഇറ്റലിയില്‍ നിന്നുള്ള ഡാന്‍സര്‍മാര്‍ ഇന്ത്യയില്‍ വരികയും കോടിപതികള്‍ ആവുകയും ചെയ്യുന്നു. ഈ രാജ്യത്തിന്റെ പണം അവിടേക്ക് കൊണ്ടുപോകുന്നു. നിങ്ങള്‍ എത്ര വലിയ ആളാണെങ്കിലും മാതൃകയാവുന്നില്ല. ഈ രാജ്യത്ത് കഠിനാധ്വാനം ചെയ്ത് പണം സമ്പാദിക്കുന്നവരാണ് യഥാര്‍ത്ഥ മാതൃകകള്‍’… പന്നാ ലാല്‍ പറഞ്ഞു.
ഇറ്റലിയില്‍ വെച്ച് വിവാഹിതരായ കോലിയും അനുഷ്‌ക ശര്‍മയും ഡല്‍ഹിയിലും മുംബൈയിലും വെച്ച് വിവാഹ സല്‍ക്കാരം ഒരുക്കിയിരുന്നു.