മോദിയെ അധിക്ഷേപിച്ച് മുന്നോട്ടുപോയാല്‍ സക്കറിയ ആര്‍.എസ്.എസുകാരില്‍ നിന്ന് അടി വാങ്ങിക്കും ; ഭീഷണിയുമായി ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: സാഹിത്യകാരന്‍ സക്കറിയക്കെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കൊലയാളിയാണെന്ന സക്കറിയയുടെ പരാമര്‍ശമാണ് ഗോപാലകൃഷ്ണനെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രിയെ അപമാനിച്ച് മുന്നോട്ടുപോയാല്‍ സക്കറിയയെ ബി.ജെ.പിക്കാര്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ഭീഷണി. മോദിക്കെതിരെ സക്കറിയ നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാരും ബിജെപിക്കാരും അടി നന്നായി കൊടുക്കാന്‍ അറിയാവുന്ന ആള്‍ക്കാരാണ്. സക്കറിയ ഇങ്ങനെ തുടര്‍ന്നാല്‍ അടി കിട്ടുമെന്നുളളത് സംശയമൊന്നുമില്ല എന്ന് സക്കറിയയെ മുന്‍കൂട്ടി അറിയിക്കുന്നു. ഈ രീതിയില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ അധിക്ഷേപിച്ചും അപമാനിച്ചും മുന്നോട്ട് പോയാല്‍ ബി.ജെ.പിക്കാരുടെ കൈയില്‍ നിന്നും സക്കറിയ അടി വാങ്ങിക്കും. ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒരു തികഞ്ഞ മതപരമായി വര്‍ഗീയവാദിയായ സക്കറിയ എന്തടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം ഉന്നയിക്കുന്നതെന്നും ബി. ഗോപാലകൃഷ്ണന്‍ ചോദിച്ചു.

പാലക്കാട് തസ്രാക്കില്‍ സംഘടിപ്പിച്ച മധുരം ഗായതിയെന്ന ഒ.വി വിജയന്‍ അനുസ്മരണ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊലയാളിയാണെന്ന് സക്കറിയ പ്രസംഗിച്ചത്. പ്രധാനമന്ത്രിക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ ബി.ജെ.പി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സക്കറിയ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം ബി.ജെ.പിക്കാര്‍ ഭീഷണി മുഴക്കിയിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറാണ് തനിക്ക് സുരക്ഷയൊരുക്കേണ്ടതെന്നാണ് സംഭവത്തില്‍ സക്കറിയയുടെ പ്രതികരണം.

മോദിയെ കൊലയാളിയെന്നു വിളിച്ച അതേവേദിയില്‍ വെച്ചുതന്നെ ഒ.വി വിജയന്‍ മൃദുഹിന്ദുത്വവാദിയാണെന്ന വിവാദപരാമര്‍ശവും സക്കറിയ നടത്തിയിരുന്നു. ഒ.വി വിജയന്റെ എഴുത്തുകളെ ഇഷ്ടപ്പെടുമ്പോഴും ഇടക്കാലത്ത് അദ്ദേഹം സ്വീകരിച്ച മൃദു ഹിന്ദുത്വ നിലപാടുകള്‍ രാഷ്ട്രീയ പരമായി എതിര്‍ക്കാന്‍ കാരണമായെന്നും അദ്ദേഹം പ്രസംഗിച്ചു. ആര്‍.എസ്.എസ് അനുകൂല സംഘടന നല്‍കിയ പുരസ്‌കാരം ഒ.വി സ്വീകരിക്കാന്‍ പാടില്ലായിരുന്നെന്നും സക്കറിയ പറഞ്ഞിരുന്നു.