‘ഗാന്ധി ബ്രിട്ടീഷുകാരുമായി ഒത്തുകളിച്ചെ’ന്ന മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം; ബി.ജെ.പി വെട്ടില്‍

ന്യൂഡല്‍ഹി: ഗാന്ധിജിക്കെതിരെ രൂക്ഷപരാമര്‍ശങ്ങള്‍ നടത്തിയ കര്‍ണാടകയിലെ എം.പി അനന്ത്കുമാര്‍ ഹെഗ്‌ഡെയോട് പരസ്യമായി മാപ്പ് പറയാന്‍ ബിജെപി ആവശ്യപ്പെട്ടേക്കും. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം അടുത്ത സാഹചര്യത്തില്‍, മഹാത്മാ ഗാന്ധിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുമെന്ന വിലയിരുത്തലിലാണിത്. ഇത് അപലപനീയമാണെന്ന് വിലയിരുത്തിയ പാര്‍ട്ടി നേതൃത്വം ഹെഗ്‌ഡെയോട് പരാമര്‍ശങ്ങളുടെ പേരില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന.

”പാര്‍ട്ടി നേരിട്ട് അതൃപ്തി അറിയിച്ചിട്ടുണ്ട്. അടിയന്തരമായി ഈ പ്രസ്താവന തിരുത്താനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. മഹാത്മാ ഗാന്ധിക്ക് എതിരായ ഏത് പരാമര്‍ശങ്ങളും അനുവദനീയമല്ല”, എന്ന് കര്‍ണാടകയിലെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നു.

ഉത്തരകന്നഡയില്‍ നിന്ന് ആറ് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാര്‍ ഹെഗ്‌ഡെ, മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്നു. സ്വാതന്ത്ര്യസമരം മൊത്തം നാടകമാണെന്നും ബ്രിട്ടീഷുകാരുമായി ഒത്തു കളിച്ചാണ് ഈ നാടകം മുഴുവന്‍ മഹാത്മാഗാന്ധി നടത്തിയതെന്നുമായിരുന്നു ഹെഗ്‌ഡെ ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്. ഗാന്ധിയെ ‘മഹാത്മാ’ എന്ന് വിളിക്കുന്നതിനോട് തനിക്കൊരു യോജിപ്പുമില്ലെന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ.

”ഈ നേതാക്കളില്‍ ആരെയും ഒരിക്കല്‍ പോലും പൊലീസ് സ്വാതന്ത്ര്യസമരകാലത്ത് ബാറ്റണ്‍ വച്ച് പോലും തല്ലിയിട്ടില്ല. സ്വാതന്ത്ര്യസമരം തന്നെ ഒരു നാടകമായിരുന്നു. ബ്രിട്ടീഷുകാരുടെ അനുമതിയോടെ നടന്ന ഒരു നാടകം. ഒരു ആത്മാര്‍ത്ഥതയുമില്ലാതെ നടന്ന സമരമായിരുന്നു അത്. വെറും ‘അഡ്ജസ്റ്റ്‌മെന്റ് സ്വാതന്ത്ര്യസമരം”, എന്നാണ് ഹെഗ്‌ഡെ പറഞ്ഞത്.

ഗാന്ധിയുടെ സത്യഗ്രഹവും നിരാഹാരസമരവുമെല്ലാം വെറും ‘നാടക’മായിരുന്നുവെന്നും ഹെഗ്‌ഡെ. ”കോണ്‍ഗ്രസുകാര്‍ പറയുന്നു, സ്വാതന്ത്ര്യം കിട്ടിയത് മരണം വരെ സത്യഗ്രഹവും നിരാഹാരവും കിടന്നിട്ടാണെന്ന്. അത് സത്യമേയല്ല. സത്യഗ്രഹം കാരണമല്ല, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത്”, എന്ന് ഹെഗ്‌ഡെ.

മഹാത്മാഗാന്ധിയെ വധിച്ചതില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്നും ഹെഗ്‌ഡെ ആവര്‍ത്തിക്കുന്നു.

എന്നാല്‍ ബിജെപിയുടെ കര്‍ണാടക ഘടകം ഇതുവരെ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഹെഗ്‌ഡെയോട് യോജിപ്പില്ലെന്ന ഒറ്റ വാക്കില്‍ പല നേതാക്കളും പ്രതികരണം അവസാനിപ്പിക്കുന്നു.

ആര്‍എസ്എസിന് മഹാത്മാഗാന്ധിയോട് വലിയ ബഹുമാനമാണെന്നും, ഇത്തരം തരംതാണ പ്രതികരണങ്ങളെ പിന്തുണക്കാനില്ലെന്നുമാണ് സംസ്ഥാന ബിജെപി വക്താവ് ജി മധുസൂദനന്‍ വ്യക്തമാക്കിയത്

അതേസമയം, ഹെഗ്‌ഡെയ്ക്ക് എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പദവി നഷ്ടപ്പെട്ട ഹെഗ്‌ഡെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാനുള്ള നാടകമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ പ്രിയാങ്ക് ഖര്‍ഗെ ആരോപിച്ചു. കേന്ദ്രമന്ത്രി പദവി നഷ്ടമായ ഹെഗ്‌ഡെ എങ്ങനെയെങ്കിലും ആ പദവി തിരികെപ്പിടിക്കാന്‍ ശ്രമിക്കുകയാണെന്നും ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളിലൂടെ, ബിജെപിയുടെ ആശയ പാപ്പരത്തം വെളിവായെന്നും ഖര്‍ഗെ.