‘ദീപിക പോയ സ്ഥലം മാറിപ്പോയി’ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഗജേന്ദ്ര ചൗഹാന്‍


മുംബൈ: ജെഎന്‍യു സന്ദര്‍ശിച്ച നടി ദീപിക പദുകോണിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാന്‍. പുതിയ സിനിമയുടെ പ്രചാരണമാണ് ദീപികയുടെ ലക്ഷ്യമെന്നും ജെഎന്‍യുവില്‍ പോയതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ചൗഹാന്‍ പറഞ്ഞു. ബോളിവുഡിലെ ഭൂരിപക്ഷവും പൗരത്വ നിയമഭേദഗതിക്ക് അനുകൂലമാണെന്നും പ്രതിഷേധിക്കുന്ന സിനിമാക്കാര്‍ മോദി വിരോധികളാണെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡിലെ നൂറുപേര്‍ എന്നും മോദി സര്‍ക്കാരിനെ എതിര്‍ത്ത് കൊണ്ടേയിരിക്കുന്നവരാണ്. അവര്‍ വിവാദങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, ബോളിവുഡില്‍ അഞ്ഞൂറിലേറെ പേരുണ്ട്. ബാക്കിയുള്ളവരുടെ അഭിപ്രായം കൂടി ചോദിച്ച് നോക്കൂ. അവര്‍ പൗരത്വ നിയമഭേദഗതിക്ക് അനുകൂലമാണെന്നും ഗജേന്ദ്ര ചൗഹാന്‍ പറഞ്ഞു. സിനിമാ പ്രമോഷന്‍ തന്നെയായിരുന്നു ദീപികയുടെ ലക്ഷ്യം. എന്നാല്‍, പോയ സ്ഥലം പക്ഷേ തെറ്റിപ്പോയി. സോഷ്യല്‍ മീഡിയയിലടക്കം അതിന്റെ പ്രത്യാഘാതം ദീപിക അനുഭവിച്ചേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവിടെ പോവാനുള്ള കാരണമെന്തെന്ന് ദീപിക പോലും പറയുന്നില്ല. അവിടുന്ന് ഒന്നും പ്രസംഗിച്ചുമില്ല. പ്രശസ്തി മാത്രമാണ് ദീപികയ്ക്ക് വേണ്ടിയിരുന്നതെന്നും അതിന് പറ്റിയ അവസരമായി ജെഎന്‍യുവിനെ അവര്‍ കണ്ടുവെന്നും ചൗഹാന്‍ ആരോപിക്കുന്നു. മികച്ച ഒരു വിഷയമാണ് ദീപികയുടെ അടുത്ത സിനിമ. അതിന്റെ ഭാവി ഓര്‍ത്ത് തനിക്ക് ദുഃഖമുണ്ടെന്നും ഗജേന്ദ്ര ചൗഹാന്‍ പറഞ്ഞു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ നിയമനവുമായി ബന്ധപ്പെട്ട് ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം നേരിടേണ്ടി വന്ന ആളാണ് ഗജേന്ദ്ര ചൗഹാന്‍.

SHARE