നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ്

ചെന്നൈ: നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച്.രാജ. വിജയിയുടെ പുതിയ ചിത്രം മെര്‍സലിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ കൂട്ടുപിടിച്ചാണ് രാജ രംഗത്തുവന്നത്. ജോസഫ് വിജയ് എന്ന പേരില്‍ അഭിസംബോധന ചെയ്തു കൊണ്ടാണ് വിജയയുടെ മതപരമായ അസ്തിത്വം ട്വിറ്ററിലൂടെ ഉയര്‍ത്തിക്കാട്ടിയത്. നടന്‍ വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടി രാജ സിനിമക്കെതിരെ ആഞ്ഞടിച്ചത്. സിനിമയുടെ നിര്‍മാതാവ് ഹേമ രുക്മാനി ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സര്‍ക്കാറിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിനു പിന്നില്‍ വിജയിയുടെ മതവിശ്വാസത്തിനും പങ്കുണ്ടെന്നാണ് രാജ ആരോപിക്കുന്നത്. ക്ഷേത്രങ്ങള്‍ക്കു പകരം ആസ്പത്രികള്‍ നിര്‍മിക്കണമെന്ന സിനിമയിലെ സംഭാഷണം ക്രൈസ്തവ ദേവാലയങ്ങളെക്കുറിച്ച് പറയാന്‍ വിജയ്ക്ക് കഴിയുമോയെന്നും ചോദിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ ജിഎസ്ടിയെയും മോദി സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിക്കുന്ന രംഗങ്ങള്‍ മെര്‍സലില്‍ ഉള്‍പ്പെടുത്തിയാണ് ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

SHARE