‘രേഖകള്‍ കൃത്യമായി സൂക്ഷിക്കുക; എന്‍.പി.ആറിന് കാണിക്കേണ്ടി വരും’ ബി.ജെ.പിയുടെ ഔദ്യോഗിക പേജില്‍ മുസ്‌ലിങ്ങളെ ഭീഷണിപ്പെടുത്തി ട്വീറ്റ്

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോഴും തങ്ങളുടെ വര്‍ഗ്ഗീയ, മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തി ബി.ജെ.പി നേതൃത്വം. ബി.ജെ.പി കര്‍ണാടക ഘടകത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് മുസ് ലിങ്ങളെ ഭീഷണിപ്പെടുത്തുന്ന ട്വീറ്റ്. വോട്ടര്‍ ഐ.ഡി ഉയര്‍ത്തിക്കാണിക്കുന്ന വോട്ടര്‍മാരുടെ വീഡിയോക്ക് ‘രേഖകള്‍ കൃത്യമായി സൂക്ഷിക്കുക, എന്‍.പി.ആര്‍ പ്രക്രിയക്ക് ഇത് ഇനിയും ആവശ്യമായി വരും’ എന്ന ക്യാപ്ഷനോട് കൂടിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം അസമില്‍ തടങ്കല്‍ പാളയത്തില്‍ കഴിയുന്നവരില്‍ മുസ്‌ലിങ്ങളല്ലാത്തവരെ വിട്ടയക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു. പൗരത്വഭേദഗതി നിയമം മുസ്‌ലിങ്ങള്‍ക്കെതിരില്ല, ഇന്ത്യക്കാര്‍ ഭയപ്പെടേണ്ടതില്ല തുടങ്ങിയ നിലപാടില്‍ നിന്ന് പരസ്യമായ മുസ്‌ലിം വിരുദ്ധ നിലപാടിലേക്ക് ബി.ജെ.പി നീങ്ങുന്നതിന്റെ സൂചനയാണ് ഔദ്യോഗിക പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ട്വീറ്റ്.

അതേസമയം എന്‍.ആര്‍.സി രാജ്യവ്യാപകമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം ലോക്‌സഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള തട്ടിപ്പ് മാത്രമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അത് ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ദിവസം തന്നെ ബി.ജെ.പിയുടെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ ട്വീറ്റ്.

SHARE