ഗൂഢാലോചനക്ക് പിന്നില്‍ ബി.ജെ.പി: ആംആദ്മി

ന്യൂഡല്‍ഹി: കെജ്‌രിവാളിനെതിരായ കപില്‍ മിശ്രയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പിയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ആംആദ്മി പാര്‍ട്ടി. അഴിമതിയുമായി ഒരു തരത്തിലും സന്ധി ചെയ്യാന്‍ ആംആദ്മിക്ക് കഴിയില്ലെന്നും മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുന്നത് വരെ എന്തുകൊണ്ട് മിശ്ര ആരോപണം ഉന്നയിച്ചില്ലെന്നും പാര്‍ട്ടി വക്താവ് സഞ്ജയ് സിങ് ചോദിച്ചു. ബി.ജെ.പിയുടെ കയ്യിലെ കളിപ്പാവയാണ് മിശ്ര. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ പരിഹാസ്യമാണ്. ബി.ജെ.പിയും കോണ്‍ഗ്രസും മിശ്രയെ ഇപ്പോള്‍ ഹരിശ്ചന്ദ്രനായാണ് കാണുന്നത്. മോദിയെ ഐ.എസ്.ഐ ഏജന്റെന്ന് വിശേഷിപ്പിച്ച നേതാവാണ് മിശ്ര. ഈ വിശേഷണത്തെക്കുറിച്ച് ബി.ജെ.പിക്ക് എന്താണ് പറയാനുള്ളതെന്നും സഞ്ജയ് സിങ് ചോദിച്ചു. ടാങ്കര്‍ കുംഭകോണത്തില്‍ കെജ് രിവാളിനെ ലക്ഷ്യംവെക്കുന്നു എന്ന് കാട്ടി 2016ല്‍ അഴിമതി വരുദ്ധ വിഭാഗത്തിന് മിശ്ര എഴുതിയ കത്തും സിങ് മാധ്യമങ്ങള്‍ക്ക് നല്‍കി.