ബി.ജെ.പി വ്യാജവാര്‍ത്തകളുടെ ഫാക്ടറിയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തില്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ബി.ജെ.പി വ്യാജമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി വ്യാജവാര്‍ത്തകള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണ്. ഒരു ദിവസം തന്നെ ഒന്നിലധികം വ്യാജവാര്‍ത്തകളാണ് ബി.ജെ.പി പുറത്തിറക്കുന്നത്. നിയമം പാലിക്കാത്ത നിയമമന്ത്രിയാണ് രവിശങ്കര്‍ പ്രസാദെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.

യു.എസ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച കേംബ്രിഡ്ജ് അനലറ്റിക്ക കമ്പനി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു.

കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനിയാണ് രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും ഫെയ്‌സ്ബുക്ക് പേജുകള്‍ നിയന്ത്രിക്കുന്നതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കമ്പനിക്കുള്ള പങ്ക് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

SHARE