കര്‍ണാടകയില്‍ ബി.ജെ.പിക്ക് അടിതെറ്റുന്നു; പ്രതീക്ഷകള്‍ കൈവിട്ട് അമിത് ഷാ

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കുമ്പോള്‍ കര്‍ണാടകയില്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പിഴക്കുന്നു. ഏത് വിധേനയും തെരഞ്ഞെടുപ്പ് ജയിക്കാന്‍ വിദഗ്ധനായ അമിത് ഷാ തന്ത്രങ്ങളൊന്നും കന്നട മണ്ണില്‍ ഫലിക്കുന്നില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവത്തിന് പകരം വെക്കാന്‍ ഒരു നേതാവില്ലെന്നതാണ് ബി.ജെ.പി നേരിടുന്ന വലിയ വെല്ലുവിളി. കോണ്‍ഗ്രസ് സിദ്ധരാമയ്യക്ക് പിന്നില്‍ അടിയുറച്ച് നില്‍ക്കുമ്പോള്‍ ബി.ജെ.പിയില്‍ സംഘടനാ സംവിധാനത്തില്‍ കെട്ടുറപ്പില്ലാത്ത അവസ്ഥയാണ്. മുതിര്‍ന്ന നേതാക്കളായ ബി.എസ് യെദിയൂരപ്പയും കെ.എസ് ഈശ്വരപ്പയും തമ്മിലുള്ള ഉള്‍പ്പോര് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. 2006ല്‍ ജെ.ഡി.എസ്-ബി.ജെ.പി സഖ്യസര്‍ക്കാര്‍ വീണതിന് കാരണം ബി.ജെ.പിക്കുള്ളിലെ ഗ്രൂപ്പിസമാണെന്ന് എച്ച്.ഡി കുമാരസ്വാമി അടുത്തിടെയാണ് വെളിപ്പെടുത്തിയത്. ഏറ്റവുമൊടുവില്‍ ശിവമൊഗ സീറ്റിന്റെ പേരില്‍ ഇരുവരും ഇടഞ്ഞിരുന്നു.

ലിംഗായത്ത് സമുദായത്തിന് മതപദവി നല്‍കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തതിലൂടെ സിദ്ധരാമയ്യ നടത്തിയ നീക്കം ബി.ജെ.പിയുടെ അധികാരമോഹത്തിന്റെ ഇടനെഞ്ചിലാണ് പതിച്ചത്. സിദ്ധരാമയ്യയുടെ ഈ നീക്കത്തിലൂടെ ബി.ജെ.പിയുടെ കൂടെയായിരുന്ന ലിംഗായത്തുകള്‍ കോണ്‍ഗ്രസുമായി അടുത്തത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. ലിംഗായത്തുകളുടെ ആവശ്യം തല്‍ക്കാലം പരിഗണനയിലില്ലെന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന ലിംഗായത്തുകളെ ചൊടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ കാര്യത്തില്‍ മറുപടി പറയാന്‍ അമിത് ഷാക്ക് എന്തധികാരമെന്നാണ് ലിംഗായത്തുകളുടെ ആദ്യ സന്യാസിനി മഠാധിപതി മാത മഹാദേവി ചോദിച്ചത്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേനയും വ്യക്തമാക്കിയതോടെ ബി.ജെ.പിയുടെ അവസാന പ്രതീക്ഷയും അവസാനിച്ചിരിക്കുകയാണ്. ശിവസേനയെ അനുനയിപ്പിക്കാന്‍ അമിത് ഷാ മുംബൈയിലെത്തി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ബി.ജെ.പിയുമായി ഇനി സഖ്യത്തിനില്ലെന്ന ഉറച്ച നിലപാടിലാണ് ശിവസേന. ശിവസേനക്ക് പിന്തുണയുമായി ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്കും രംഗത്തെത്തിയിട്ടുണ്ട്.

എം.എം കല്‍ബുര്‍ഗിയുടേയും ഗൗരി ലങ്കേഷിന്റേയും കൊലപാതകങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ച സംഘപരിവാര്‍ വിരുദ്ധത ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാവും. രാജ്യവ്യാപകമായി ഉയരുന്ന കര്‍ഷകരോഷം കര്‍ണാടക തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നുറപ്പാണ്.

SHARE